ദില്ലി : വിജയ് മല്യ ഉൾപ്പടെ രാജ്യം വിട്ട പിടികിട്ടാപുളളികളെ വിട്ടുകിട്ടാനുള്ള നടപടികൾ വേഗത്തിലാക്കാന്‍ ഉന്നതല അന്വേഷണ സംഘം യുകെയിലേക്ക്. കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം യുകെ അധികൃതരുമായി ചർച്ച നടത്തി തെളിവുകൾ ശേഖരിക്കും. ബ്രിട്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ ആസ്ഥാനം ആക്രമിച്ച ഖലിസ്ഥാൻ ഭീകരർക്കെതിരായ കേസുകളും സംഘത്തിന്റെ അന്വേഷണ പരിധിയിലുണ്ട്.
നാടുവിട്ട വമ്പൻമാരെ പിടികൂടാൻ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ നീക്കം.സിബിഐ, ഇഡി, എൻഐഎ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ലണ്ടനിലേക്ക് പോകുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സംഘത്തെ നയിക്കും. ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷണറോടൊപ്പം യുകെ അധികൃതരുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തും.പ്രതികളുടെ യുകെയിലെ സ്വത്തു വിവരങ്ങളും ബാങ്ക് ഇടപാട് രേഖകളും കൈമാറാൻ സംഘം ആവശ്യപ്പെടും.
വിജയ് മല്യ, നീരവ് മോദി,സഞ്ജയ് ഭണ്ഡാരി തുടങ്ങിയ പിടികിട്ടാ പുള്ളികൾ നിലവിൽ രാജ്യംവിട്ട് ബ്രിട്ടനിലാണ് കഴിയുന്നത്. ഇവരെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരെ പ്രതികൾ യുകെ കോടതിയെ സമീപിച്ച കേസിൽ വർഷങ്ങളായി നടപടികൾ തുടരുകയാണ്. മ്യൂച്വൽ ലീഗൽ അസിസ്റ്റൻസ് ഉടമ്പടി പ്രകാരം സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളുടെ വിവരങ്ങൾ കൈമാറാൻ ഇന്ത്യയും യുകെയും നേരത്തെ ധാരണയിലെത്തിയതാണ്. ബ്രിട്ടനിലെ ഇന്ത്യൻ ഹൈകമ്മീഷൻ ആസ്ഥാനം ആക്രമിച്ച് ഇന്ത്യൻ പതാകയെ അപമാനിച്ചതുൾപ്പടെ ഖലിസ്ഥാൻ ഭീകരർക്കെതിരായ കേസുകളിലും കേന്ദ്ര ഏജൻസികൾ നടപടികൾ തുടരുന്നതിനിടെയാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദർശനം. പിടികിട്ടാപ്പുള്ളികളെ തിരികെയെത്തിക്കാന്‍ കേന്ദ്രം നടപടികളെടുക്കുന്നില്ലെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് മറുപടിയായാണ് സര്‍ക്കാര്‍ നീക്കം.