സോൾ : ദക്ഷിണ കൊറിയ ‘മുഖ്യ ശത്രു’വാണെന്നും യുദ്ധത്തിലേക്കു പോകുന്ന സാഹചര്യമുണ്ടായാൽ അത് ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഉത്തര കൊറിയൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് കിമ്മിന്റെ പ്രസ്താവന. ദക്ഷിണ കൊറിയ ഭരണത്തകർച്ചയ്ക്കും പിടിച്ചടക്കലിനും ശ്രമിക്കുന്നതിനാൽ അവരുമായി ഒരുമിക്കുക സാധ്യമല്ല. ദക്ഷിണ കൊറിയയാണ് രാജ്യത്തിന്റെ പ്രഥമ ശത്രുവെന്ന് ഉത്തര കൊറിയക്കാരെ ബോധവത്കരിക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്യണമെന്നും കിം അഭിപ്രായപ്പെട്ടു.
ഉത്തര കൊറിയയെ ദക്ഷിണ കൊറിയയിൽനിന്നു വേറിട്ട പ്രദേശമായി നിർവചിക്കണമെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ അത് ഒഴിവാക്കാൻ ഉദ്ദേശ്യവുമില്ല. ദക്ഷിണ കൊറിയയെ യുദ്ധത്തിൽ പൂർണമായും കീഴടക്കാനും തിരിച്ചുപിടിക്കാനും ഉത്തര കൊറിയ പദ്ധതിയിടണം. ദക്ഷിണ കൊറിയക്കാരെയും ഇനി സഹപൗരന്മാരായി കാണരുത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം അവസാനിപ്പിക്കണം. പ്യോങ്‌യാങ്ങിലെ പുനരേകീകരണത്തിന്റെ സ്മാരകം നശിപ്പിക്കണം.’’– കിം ജോങ് ഉൻ ആഹ്വാനം ചെയ്തു.
ദക്ഷിണ കൊറിയയെ ശത്രുരാജ്യമെന്ന് വിളിച്ചത് ‘രാജ്യ ദ്രോഹം’ ആണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ പറഞ്ഞതിനു പിന്നാലെ, കൊറിയൻ ഏകീകരണവും ഇരു രാജ്യങ്ങളിലേക്കുമുള്ള ടൂറിസവും കൈകാര്യം ചെയ്യുന്ന മൂന്നു സംഘടനകളും അടച്ചുപൂട്ടാൻ കിം നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഉത്തര കൊറിയയുടെ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങൾക്കിടെയാണിത്. യുഎസും ദക്ഷിണ കൊറിയയും തമ്മിലുള്ള ബന്ധത്തിൽ കിം ജോങ് ഉൻ അപകടം മണക്കുന്നതിനാലാണ് ഇപ്പോഴത്തെ പ്രസ്താവനകൾ എന്ന് സോളിലെ ഇവാ വുമൺസ് സർവകലാശാലയിലെ വോൻ ഗോൺ പാർക്ക് പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.