രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നെടുമ്പാശ്ശേരിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് 6.50നാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ഏഴു മണിയോടെ ഹെലികോപ്ടറിൽ അദ്ദേഹം നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രതിരിച്ചു.
ഏറെ വൈകാതെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിക്കും. നേവൽ ബേസിൽ നിന്ന് റോഡ് മാർഗമാവും പ്രധാനമന്ത്രി ഇവിടേക്കെത്തുക.
കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രകാശ് ജാവദേക്കർ എം.പി., ചീഫ് സെക്രട്ടറി ഡോ.വി. വേണു, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നെടുമ്പാശ്ശേരിയിലുണ്ടായിരുന്നു.
എറണാകുളം ലോ കോളജിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെഎസ്‌യു പോസ്റ്റർ സ്ഥാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ടാണ് കെഎസ്‌യു കോളജിൽ പോസ്റ്റർ സ്ഥാപിച്ചത്. ‘മോദി ഗോ ബാക്ക്’ എന്നായിരുന്നു പോസ്റ്റർ. സംഭവത്തിൽ രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആദ്യം സ്ഥാപിച്ച ബാനർ പൊലീസ് അഴിച്ചു മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റർ സ്ഥാപിച്ചത്. ഈ പോസ്റ്റർ മാറ്റണമെന്ന ആവശ്യവുമായി ബിജെപി പ്രവർത്തകർ രംഗത്തുവന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്.
പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള കെഎസ്‌യു പ്രവർത്തകരുടെ ശ്രമത്തിനെതിരെ ബിജെപി പ്രതിഷേധിച്ചിരുന്നു. ലോ കോളേജിനു മുൻപിൽ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.