സൻആ: മാൾട്ട പതാക പേറുന്ന ചരക്കു കപ്പലിനുനേരെ ചെങ്കടലിൽ വീണ്ടും മിസൈൽ ആക്രമണം. സൂയസ് കനാലിലേക്കുള്ള യാത്രക്കിടെയാണ് ‘സോഗ്രാഫിയ’എന്ന കപ്പൽ ആക്രമിക്കപ്പെട്ടത്. കപ്പലിൽ ചരക്ക് ഉണ്ടായിരുന്നില്ലെന്നും ചെറിയ നാശനഷ്ടം മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും ഗ്രീക് ഷിപ്പിങ് മന്ത്രാലയം അറിയിച്ചു.
20 ജീവനക്കാരാണ് കപ്പലിലുള്ളത്. ആക്രമണത്തിനുശേഷവും കപ്പൽ സൂയസ് കനാൽ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഹൂതികളിലേക്കാണ് സംശയമുന നീളുന്നത്. 24 മണിക്കൂറിനിടെ മൂന്നാമത്തെ കപ്പലാണ് ചെങ്കടലിൽ ആക്രമിക്കപ്പെടുന്നത്. അതേസമയം, ഹൂതികൾക്കായി ഇറാനിൽനിന്ന് ബോട്ടിൽ കടത്തുകയായിരുന്ന ആയുധങ്ങൾ പിടിച്ചെടുത്തതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഗസ്സ അതിക്രമത്തിൽ ഇസ്രായേലിന് പിന്തുണയേകി ചെങ്കടലിൽ റോന്തുചുറ്റുന്ന പടക്കപ്പൽ യു.എസ്.എസ് ലബൂണിനുനേരെ ഞായറാഴ്ച വൈകീട്ട് പ്രാദേശിക സമയം 4.45ഓടെ ഹൂതികൾ മിസൈൽ തൊടുത്തിരുന്നു. എന്നാൽ, ലക്ഷ്യത്തിലെത്തും മുമ്പേ ഹുദൈദ തീരത്തുവെച്ച് അമേരിക്കൻ യുദ്ധവിമാനങ്ങൾ മിസൈൽ തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഗസ്സയിൽ ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ച് ഇസ്രായേലിലേക്കുള്ള കപ്പലുകൾക്കുനേരെ ഹൂതികളുടെ ആക്രമണത്തെത്തുടർന്ന് ചെങ്കടലിലൂടെയുള്ള ചരക്കുനീക്കം നാളുകളായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന് തിരിച്ചടിയായി അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ ഹൂതി സൈനിക കേന്ദ്രങ്ങളിൽ കഴിഞ്ഞയാഴ്ച വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ, ഇസ്രായേൽ അതിക്രമം അവസാനിപ്പിക്കാതെ ചെങ്കടൽ ആക്രമണം നിർത്തില്ലെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാം ആവർത്തിച്ചു.