തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയല്‍ കാർഡ് നിര്‍മിച്ചെന്ന പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് ഡി.ഐ.ജി ജയനാഥ് ഐ.പി.എസ് നയിക്കും. കേസിന്റെ മേൽനോട്ടം ക്രൈംബ്രാഞ്ച് എ.സ്പി ജയശങ്കറിനാണ്. ഡി.വൈ.എ.സ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. വിവിധ ജില്ലകളിൽ അന്വേഷിക്കേണ്ട കേസായതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകിയതെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.
പത്തനംതിട്ട കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നായിരുന്നു ആദ്യ കണ്ടെത്തൽ. പിന്നീട് കാസർകോടും തട്ടിപ്പ് നടന്നതായി കണ്ടെത്തി. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് അവസാനം അറസ്റ്റിലായത്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കംപ്യൂട്ടർ സെന്ററിലെ ജീവനക്കാരനാണ് ഇയാൾ. കേസിലെ പ്രതികളെ ആപ്പ് ഉപയോഗിച്ച് കാർഡ് നിർമിക്കാൻ സഹായിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരാണ് മറ്റ് പ്രതികൾ. സി.ആർ കാർഡ് എന്ന ആപ്പ് വഴിയാണ് ഇവർ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചത്.