വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യയുടെ കൗമാര ചെസ് താരം പ്രഗ്യാനന്ദ. ലോക ചെസ്സ് ചാമ്പ്യൻ ഡിങ് ലിറനെ തോൽപ്പിച്ച പ്രഗ്യാനന്ദ ഇന്ത്യയിലെ ചെസ് റാങ്കിങ്ങിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഒന്നാമതെത്തുകയും ചെയ്തു. നെതർലാൻഡിൽ നടക്കുന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ടൂർണമെന്റിൽ നാലാം റൗണ്ട് പോരാട്ടത്തിലാണ് ഡിങ് ലിറനെ പ്രഗ്യാനന്ദ തോൽപിച്ചത്. ഇതോടെ ഇന്ത്യയുടെ ഒന്നാം നമ്പർ ചെസ് താരമെന്ന റെക്കോഡിലേക്ക് പ്രഗ്യാനന്ദയെത്തി.
ചെസിൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഇതാദ്യാമയാണ് ഒരാൾ ലോക ചാമ്പ്യനെ തോൽപ്പിക്കുന്നത്. ഫിഡെയിൽ 2748.3 റേറ്റിങ്ങോടെയാണ് ആനന്ദിനെ പ്രഗ്യാനന്ദ മറികടന്നത്. 0.3 റേറ്റിങ് നേട്ടത്തോടെയാണ് കൗമാര താരം ഒന്നാമതെത്തിയത്. ഇതാദ്യമായാണ് പ്രഗ്യാനന്ദ റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.ചൈനീസ് താരം ഡിങ് ലിറനെതിരെ തുടക്കം മുതൽ പ്രഗ്യാനന്ദക്ക് ആധിപത്യം ഉണ്ടായിരുന്നു. ടാറ്റ സ്റ്റീൽ ചെസിലെ ആദ്യത്തെ നാല് റൗണ്ടുകളിൽ പ്രഗ്യാനന്ദയുടെ ആദ്യ വിജയമാണിത്. മറ്റ് റൗണ്ടുകളിലെല്ലാം സമനിലയായിരുന്നു ഫലം.
ഇത് വിചിത്രമായൊരു ഗെയിമായിരുന്നു. ഗെയിമിൽ സുഗമമായിട്ടായിരുന്നു ഞാൻ മുന്നേറിയത്. സമനില പിടിക്കാമെന്നായിരുന്നു എന്റെ പ്രതീക്ഷ. പക്ഷേ പിന്നീട് എതിർ താരത്തിന് പിഴവുകൾ സംഭവിച്ചുവെന്നും വിജയം തന്റെ കൈപിടിയിൽ ഒതുങ്ങിയെന്നുമാണ് മത്സരശേഷം പ്രഗ്യാനന്ദ പറഞ്ഞത്. ലോകചാമ്പ്യനെ തോൽപിക്കുന്നത് എല്ലായ്പ്പോഴും സ്പെഷ്യലായ കാര്യമാണ്. അവരെ തോൽപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും പ്രഗ്യാനന്ദ പറഞ്ഞു.