കൊച്ചി∙ കേരളസന്ദർശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്കു മടങ്ങി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചേർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ യാത്രയാക്കി. മറൈൻ ഡ്രൈവിൽ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുത്തശേഷമാണ് പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തിയത്.
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി ചൊവ്വാഴ്ച രാത്രിയാണ് പ്രധാനമന്ത്രിയെത്തിയത്. പിന്നാലെ കൊച്ചിയിൽ റോഡ് ഷോ നടത്തിയിരുന്നു. കെപിസിസി ജംക്‌ഷനിൽനിന്ന് ഹോസ്പിറ്റൽ റോഡ്, പാർക്ക് അവന്യു റോഡ് വഴി ഗവ. ഗെസ്റ്റ്ഹൗസ് വരെയായിരുന്നു തുറന്ന വാഹനത്തിലെ റോഡ് ഷോ. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും വാഹനത്തിൽ മോദിയെ അനുഗമിച്ചു.
ഗവ. ഗെസ്റ്റ് ഹൗസിലാണു മോദി താമസിച്ചത്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ മോദി ഇന്നു രാവിലെ ഗുരുവായൂരിൽ എത്തി. ക്ഷേത്രദർശനത്തിനുശേഷം വിവാഹച്ചടങ്ങിലുടനീളം മോദി പങ്കെടുത്തു. ദമ്പതികളെ അനുഗ്രഹിച്ചശേഷം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തി.
ഉച്ചയ്ക്കു വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയെുള്ളവരും ചടങ്ങിൽ പങ്കെടുത്തു. പിന്നീട് മറൈൻ ഡ്രൈവിൽ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തിൽ പങ്കെടുത്തശേഷമാണ് മോദി ഡൽഹിയിലേക്ക് മടങ്ങിയത്.