തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തെ വിമർശിച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പ്രധാനമന്ത്രിയുടെ ഷോ ക്ലച്ച് പിടിക്കാൻ പോകുന്നില്ല. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തൂത്ത് വാരുമെന്നും പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ അവകാശത്തിന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കും. കേന്ദ്ര സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായി വളരെ ക്രിയേറ്റീവ് ആയ നിർദേശങ്ങൾ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തുമായി പറഞ്ഞിട്ടുണ്ട്. അത് മുഴുവൻ ഉൾകൊണ്ട് നടപ്പിലാക്കാൻ കേരള സർക്കാരിനും കഴിഞ്ഞിട്ടില്ല. ഇത് മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിൽ തങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പറഞ്ഞു.
ഡൽഹിയിൽ എൽഡിഎഫ് നടത്തുന്ന സമരപരിപാടിയിൽ പങ്കെടുക്കണമോയെന്ന കാര്യം യുഡിഎഫ് ആലോചിച്ച് പറയും. നാളെ രാത്രി യുഡിഎഫ് ഓൺലൈൻ മീറ്റിംഗ് കഴിഞ്ഞ ശേഷം തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിലപാട് ലീഗ് പ്രത്യേകം പറയേണ്ടത് ഇല്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ലോക്സഭാ സീറ്റ് സംബന്ധിച്ചും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സീറ്റ് വിഭജനം സമയമാകുമ്പോൾ ചർച്ച ചെയ്യും. പല സംസ്ഥാനങ്ങളിലും തടസ്സപ്പെട്ടു കിടന്നിരുന്ന സീറ്റ് ചർച്ച ഇൻഡ്യ മുന്നണി പുനരാരംഭിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയോട് കൂടി സീറ്റ് വിഭജനം പൂർത്തിയാക്കുന്ന ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇൻഡ്യ മുന്നണിക്ക് ഉളളത്. കേന്ദ്ര സർക്കാരിൻ്റെ വിദ്വേഷ പ്രചരണം ആണ് പ്രധാന വിഷയമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഏറ്റവും വലിയ സമരമാണ് യൂത്ത് ലീഗ് നടത്തിയത്. കേന്ദ്ര സർക്കാരിന്റെ വിദ്വേഷ പ്രചരണത്തിനും കേരള സർക്കാരിന്റെ ദുർഭരണത്തിന് എതിരെയുമാണ് സമരം. കേന്ദ്ര സർക്കാരിന്റെ വിദ്വേഷ പ്രചരണവും കേരള സർക്കാരിന്റെ ദുർഭരണവുമാണ് മുഴച്ചുനിൽക്കുന്നത്. അതിനെതിരെയായി ഒരു ലക്ഷം പേരെ അണിനിരത്തികൊണ്ട് യൂത്ത് ലീഗ് നടത്തുന്ന മഹാറാലി ചരിത്രപരവും ശ്രദ്ധേയവുമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.