ജിദ്ദ : പ്രവാസികൾക്ക് സന്തോഷവാർത്ത. റീ-എന്‍ട്രി വീസാ കാലാവധി അവസാനിച്ച വിദേശികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി. റീ-എന്‍ട്രിയില്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുപോയി വീസാ കാലാവധിക്കുള്ളില്‍ രാജ്യത്ത് തിരികെ പ്രവേശിക്കാത്ത വിദേശ തൊഴിലാളികള്‍ക്ക് ഇതുവരെ മൂന്നു വര്‍ഷത്തെ പ്രവേശന വിലക്കുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ നീങ്ങിയിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍വന്നു. അല്‍വതനാണ് റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ, വ്യവസായികളുടെ ആവശ്യത്തെത്തുടർന്ന് റീ എൻട്രി കാലയളവിനുള്ളിൽ തിരിച്ചെത്താത്തവർക്ക് ജവാസാത്ത് മൂന്ന് വർഷത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നു. തൊഴിലാളികൾ കൃത്യസമയത്ത് തിരിച്ചെത്താത്തതുമൂലം സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടവും വിവിധ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് അന്ന് നടപടിഎടുത്തത്.
റീ എന്‍ട്രിയില്‍ മടങ്ങാത്തവര്‍ക്ക് വേറെ സ്‌പോണ്‍സറുടെ കീഴില്‍ പുതിയ വീസയില്‍ വരുന്നതിനാണ് ഇതുവരെ വിലക്കുണ്ടായിരുന്നത്. അതേ സ്‌പോണ്‍സറുടെ കീഴില്‍ പുതിയ വീസയില്‍ പ്രവേശനം അനുവദിച്ചിരുന്നു. കോവിഡ് കാലയളവ് മുതൽ റീ-എൻട്രി പൂർത്തിയാക്കിയവർക്ക് സ്‌പോൺസർമാർക്ക് ഓൺലൈൻ വഴി പുതുക്കാനുള്ള അവസരവും നൽകിയിരുന്നു.