മനാമ : ഒരു വിദേശ രാജ്യത്തെ തപാൽ സ്റ്റാംപിൽ ഇന്ത്യക്കാരന്റെ, പ്രത്യേകിച്ച് മലയാളിയുടെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രം പ്രസിദ്ധീകരിക്കപ്പെടുക എന്നത് ഏതൊരു മലയാളിക്കും അഭിമാന നേട്ടമാണ്. അത്തരം ഒരു നേട്ടത്തിന് അർഹനായിരിക്കുകയാണ് കോട്ടയം പുതുപ്പള്ളി സ്വദേശിയും ബഹ്‌റൈനിലെ പ്രഫഷനൽ ഫോട്ടോഗ്രാഫറുമായ ജോർജ് മാത്യു.
24 വർഷത്തോളമായി ബഹ്‌റൈനിലെ ഫോട്ടോഗ്രാഫി രംഗത്ത് ജോലി ചെയ്യുന്ന ജോർജ് തന്റെ കാമറയിൽ ഒപ്പിയെടുത്ത ചിത്രങ്ങളാണ് ഇപ്പോൾ ബഹ്‌റൈൻ തപാൽ സ്റ്റാമ്പിൽ വരെ മുദ്രണം ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്. ബഹ്റൈന്റെ പാരമ്പര്യ സമ്പത്ത് എന്ന് വിശേഷിപ്പിക്കാവുന്ന പവിഴങ്ങളുടെയും മുത്തുകളുടെയും ചിത്രങ്ങളാണ് രാജ്യത്തിന്റെ ഔദ്യോഗിക സ്റ്റാംപുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ബഹ്‌റൈൻ നാഷനൽ മ്യൂസിയത്തിൽ പ്രത്യേക സുരക്ഷയിൽ സൂക്ഷിച്ചിട്ടുള്ള വില കൂടിയ ഇത്തരം പവിഴങ്ങൾ വളരെ നേരത്തെ പരിശ്രമം കൊണ്ടാണ് തന്റെ കാമറയിൽ അധികൃതരുടെ അനുവാദത്തോടെ പകർത്തിയതെന്ന് ജോർജ് പറഞ്ഞു. പവിഴങ്ങളുടെ നിറവും ആകൃതിയുമാണ് അതിന്റെ മൂല്യങ്ങൾ നിശ്ചയിക്കപ്പെടുന്നതിന്റെ ഒരു ഘടകം. അത് കാമറയിൽ പതിയുമ്പോൾ അതേ നിറത്തിലും രൂപത്തിലും വ്യത്യാസം വരുത്താതെ എടുക്കാൻ കൃത്യമായ സാങ്കേതിക അറിവുകളും അതിനനുസൃതമായ കാമറ അനുബന്ധ ഉപകരണങ്ങളും ഉണ്ടാകണം. ദീർഘനാളായി ബഹ്‌റൈനിലെ നിരവധി കോർപ്പറേറ്റ് സ്‌ഥാപനങ്ങൾക്ക് വേണ്ടി പരസ്യ ചിത്രങ്ങളും പ്രോഡക്റ്റ് ഫോട്ടോഗ്രാഫിയും ചെയ്യുന്ന ജോർജിന് ഈയൊരു ദൗത്യവും ഏറ്റെടുക്കാൻ ഒന്നും ആലോചിക്കേണ്ടി വന്നില്ല.
ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചറൽ ആൻഡ് ആന്റിക്വിറ്റിസ് ആണ് രാജ്യത്തെ തപ്പാൽ സ്റ്റാംപിലേക്ക് ഇങ്ങനെ ഒരു ചിത്രം തയാറാക്കിയത്. ബഹ്‌റൈനിലെ പ്രമുഖ ടെലികോം കമ്പനികൾ, ബാങ്കുകൾ മറ്റു വൻകിട കമ്പനികൾ തുടങ്ങി ബഹ്‌റൈനിലെ പല പരസ്യങ്ങളിലും കാണുന്ന പല ചിത്രങ്ങളും ജോർജിന്റെ കാമറയിൽ പതിഞ്ഞവയാണ്. ബഹ്‌റൈനിൽ കുടുംബ സമേതം താമസിക്കുന്ന ജോർജിന്റെ ഭാര്യ ദീപ്തി, മക്കളായ ജോഷ്വാ, ജോണത്ത് എന്നിവരും ജോർജിന് എല്ലാ പിന്തുണയും നൽകി കൂടെയുണ്ട്.