തിരുവനന്തപുരം: ഇലക്ട്രിക് ബസിനെതിരായ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പരാമര്‍ശം തള്ളി വി കെ പ്രശാന്ത് എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. ഇലക്ട്രിക് ബസുകള്‍ മലിനീകരണം കുറക്കുമെന്നും ബസുകള്‍ ലാഭകരമാക്കാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.’തിരുവനന്തപുരം സോളാര്‍ നഗരമാക്കാനും, ഇലക്ട്രിക് ബസുകള്‍ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ നഗരവാസികള്‍ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കുകയുമാണ് കെഎസ്ആര്‍ടിസി ചെയ്യേണ്ടത്.’ എന്നാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇലക്ട്രിക് ബസ് ലാഭത്തിലല്ല എന്നും അത് വാങ്ങിയവര്‍ക്കും ഉണ്ടാക്കിയവര്‍ക്കും എത്രനാള്‍ ബസ് ഓടുമെന്ന കാര്യത്തില്‍ ഉറപ്പില്ല എന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.ഇലക്ട്രിക് ബസ് എത്രനാള്‍ പോകും എന്ന കാര്യം ഉണ്ടാക്കിയവര്‍ക്കും അറിയില്ല തനിക്കും അറിയില്ല. അതാണ് യാഥാര്‍ത്ഥ്യം. ഡീസല്‍ വണ്ടി വാങ്ങുമ്പോള്‍ 24 ലക്ഷം രൂപ കൊടുത്താല്‍ മതി. ഇതിന് ഒരു കോടി രൂപ കൊടുക്കണം. ഈ ഒരു വണ്ടിയുടെ വിലക്ക് 4 ഡീസല്‍ വണ്ടികള്‍ വാങ്ങിക്കാം. അപ്പോള്‍ നാട്ടില്‍ ഇഷ്ടം പോലെ വണ്ടികാണുമെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു.
കെഎസ്ആര്‍ടിസിയുടെ ചെലവ് പരമാവധി കുറച്ച്, വരവ് വര്‍ധിപ്പിച്ചാല്‍ മാത്രമേ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ ഉണ്ടാകൂ. നിലവില്‍ കെഎസ്ആര്‍ടിസിക്ക് ശമ്പളം കൊടുക്കുന്നതും പെന്‍ഷന്‍ കൊടുക്കുന്നതും സംസ്ഥാന സര്‍ക്കാരാണ്. കെഎസ്ആര്‍ടിസിയുടെ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെഎസ്ആര്‍ടിസിയുടെ തനതായ ഫണ്ട് വേണം എന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്.