സൗദി അറേബ്യ വ്യോമയാന യാത്രക്കാരിൽ വലിയ വർധനവ് ലക്ഷ്യമിടുന്നതായി ഏവിയേഷൻ അതോറിറ്റി. അടുത്ത ആറു വർഷത്തിനിടെ രാജ്യത്തെ വ്യോമയാന യാത്രക്കാർ മുപ്പത്തിമൂന്ന് കോടിയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. ഇവയുടെ പത്ത് ശതമാനം ട്രാൻസിറ്റ് യാത്രക്കാരായിരിക്കുമെന്നും അതോറിറ്റി പ്രസിഡന്റ് പറഞ്ഞു.
സൗദിയിൽ നിന്നുള്ള വ്യോമയാന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് ലക്ഷ്യമിടുന്നതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുവൈലിജ് പറഞ്ഞു. ഇന്ത്യയിൽ നടന്ന വിംഗ്സ് ഇന്ത്യ 2024 ഏക്സിബിഷൻ കോൺഫറൻസിനോടനുബന്ധിച്ച് നടന്ന മന്ത്രതല സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030ഓടെ രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായി ഉയരും. ഇവയിൽ പത്ത് ശതമാനം ട്രാൻസിറ്റ് യാത്രക്കാരായിരിക്കുമെന്നും അബ്ദുൽ അസീസ് വ്യക്തമാക്കി.
എയർ കാർഗോ നീക്കം നിലവിലെ എട്ട് ലക്ഷം ടണ്ണിൽ നിന്നും 2030ഓടെ 45 ലക്ഷം ടണ്ണായി ഉയർത്തും. രാജ്യത്തെ ഏറ്റവും വലിയ പദ്ധതകളിലൊന്നായ ലോജിസ്റ്റിക് ഹബ്ബ് സ്ഥാപിതമാകുന്നതോടെ ഇത് നിറവേറുമെന്നും ഗാക്കാ പ്രസിഡന്റ് പറഞ്ഞു.