സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും കഴിവുകേടും മറച്ചുവയ്ക്കാനാണ് കേന്ദ്ര സർക്കാരിനെതിരായ സമരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതിനു പിന്നാലെ പോകാൻ വേറെ ആളെ നോക്കണം. കരുവന്നൂര്‍, മാസപ്പടി അന്വേഷണങ്ങള്‍ സെറ്റില്‍മെന്റില്‍ അവസാനിക്കുമെന്നും തൃശൂരില്‍ സിപിഐഎം-ബിജെപി സഖ്യം വ്യക്തമാണെന്നും വി.ഡി സതീശൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും നികുതി പിരിവിലെ ദയനീയ പരാജയവുമാണ് ധന പ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍. നികുതി ഭരണ സംവിധാനം പൂര്‍ണമായും ഇല്ലാതാക്കി കേരളത്തെ നികുതിവെട്ടിപ്പുകാരുടെ പറുദീസയാക്കി മാറ്റി. കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും സപ്ലൈകോയും കെട്ടിടനിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളും തകര്‍ന്ന് തരിപ്പണമായി എന്നും വി.ഡി സതീശൻ.
സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഡല്‍ഹിയില്‍ പോയി സമരം ചെയ്താല്‍ അതിന്റെ പിന്നാലെ പോകാന്‍ വേറെ ആളെ നേക്കണം. അതിന് പ്രതിപക്ഷമുണ്ടാകില്ല. ധന കമ്മീഷന്റെ വിഹിതം കുറഞ്ഞത് സംബന്ധിച്ചുള്ള നിവേദനം യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. കണക്ക് നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കാത്തത് സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോ. അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ പ്രതിപക്ഷവും യുഡിഎഫ് എംപിമാരും സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.തൃശൂരിലെ സിപിഐഎം-ബിജെപി സഖ്യം വ്യക്തമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേതു പോലെ കരുവന്നൂര്‍, മാസപ്പടി അന്വേഷണങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉണ്ടാക്കുന്ന സെറ്റില്‍മെന്റില്‍ അവസാനിക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുമായി സംഖ്യമുണ്ടാക്കുമെന്ന് വിഡ്ഢികള്‍ മാത്രമെ പറയൂ. കോണ്‍ഗ്രസ് വിരുദ്ധതയാണ് സിപിഐഎം ലക്ഷ്യം. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപി ലക്ഷ്യം. ഇത് രണ്ടുമാണ് കൂടിയോജിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്.