തിരുവനന്തപുരം: തൃശൂര്‍ ലോക്‌സഭ സീറ്റില്‍ സി.പി.എം-ബി.ജെ.പി അന്തര്‍ധാര വസ്തുതയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുതവണ തൃശൂരിലെത്തിയതും രണ്ടാം സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ സ്വീകരിക്കാനും യാത്രയക്കാനും ചെന്നതും സംശയം ജനിപ്പിക്കുന്നു. കേരളത്തില്‍ സി.പി.എം-ബി.ജെ.പി രഹസ്യബന്ധമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ നിഷേധിക്കാനാകില്ല. മുമ്പ് താന്‍ മോദിക്ക് ആറന്മുള കണ്ണാടി നല്‍കിയപ്പോള്‍ എന്തായിരുന്നു പുകില്.
കേരളത്തിൽ ബി.ജെ.പിക്ക് ഇതിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് ദേശീയ നേതൃത്വത്തിന് ബോധ്യമുണ്ട്. കോൺഗ്രസിനെ ദുർബലപ്പെടുത്തുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതിനായി പിണറായി വിജയനെതിരായ കേസുകളിലടക്കം ഒത്തുതീർപ്പുണ്ടാക്കുന്നു. പിണറായി ദുർബലനായാൽ കോൺഗ്രസ് ശക്തിപ്രാപിക്കുമെന്ന് മോദിക്ക് ഉറപ്പാണ്. ആ അന്തർധാരയാണ് ഇരുകൂട്ടരും തമ്മിൽ കേരളത്തിലുള്ളത്.
കോൺഗ്രസിനെ മാറ്റിനിർത്തി ബി.ജെ.പിക്കെതിരായ പോരാട്ടം അസാധ്യമാണ്. ബി.ജെ.പിയെ ഇത്രയേറെ കടന്നാക്രമിക്കുന്ന രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തന്നെയാണ് പോരാട്ടത്തിൽ മുഖ്യപങ്ക് വഹിക്കേണ്ടത്. കൊല്ലത്ത് ആർ.എസ്.പിക്കാണ് സീറ്റ്. നിലവിലെ എം.പി പൊതുസ്വീകാര്യനാണ്. ആ വഴിക്ക് കാര്യങ്ങള്‍ പാര്‍ട്ടി ആലോചിക്കുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.