ലക്നൗ : അയോധ്യയിലെ രാമക്ഷേത്രത്തിൽ തിങ്കളാഴ്ച നടക്കുന്ന പ്രതിഷ്ഠാചടങ്ങിൽ 54 രാജ്യങ്ങളിൽ നിന്നായി 100 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സ്ഥിരീകരണം. യുഎസ്, ബ്രിട്ടൻ, ഓസ്‌ട്രേലിയ, മൗറീഷ്യസ്, ആഫ്രിക്ക തുടങ്ങിയ സർക്കാർ പ്രതിനിധികൾക്ക് രാമക്ഷേത്ര ട്രസ്റ്റ് ക്ഷണം അയച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്നായി 506 അതിഥികളും ചടങ്ങിന് എത്തുന്നുണ്ട്. ദക്ഷിണ കൊറിയയിൽ നിന്നുള്ള കിം ചിൽ-സു ആണ് വിദേശത്തുനിന്നുള്ള അതിഥികളിൽ പ്രമുഖൻ.
ദക്ഷിണ കൊറിയയിലെ ക്വീൻ ഹിയോ രാജവംശത്തിൽപ്പെട്ടയാളാണ് കിം ചിൽ–സു എന്ന് വിദേശത്തുനിന്നുള്ള അതിഥികളുടെ ക്രമീകരണങ്ങൾ നോക്കുന്ന ഹർഷ തിവാരി പറഞ്ഞു. അയോധ്യയിലെ രാജകുമാരിയായിരുന്നു സൂരിരത്ന എന്നറിയപ്പെടുന്ന ഹിയോ രാജ്ഞി, കൊറിയയിലേക്ക് പോകുകയും കാരക് രാജവംശം സ്ഥാപിക്കുകയുമായിരുന്നു.
ADVERTISEMENT
റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയും കുടുംബവും ബോളിവുഡ് താരം അമിതാഭ് ബച്ചനും സംസ്ഥാന അതിഥികളുടെ പട്ടികയിൽ ഇടം നേടിയവരിൽ ഉൾപ്പെടുന്നു. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, അല്ലു അർജുൻ, മോഹൻലാൽ, അനുപം ഖേർ, ചിരഞ്ജീവി എന്നിവരാണ് സിനിമാ മേഖലയിൽനിന്നുള്ള മറ്റുള്ളവർ.
സംഗീതജ്ഞൻ അംജദ് അലി, ഗാനരചയിതാവും കവിയുമായ മനോജ് മുൻതാഷിറും ഭാര്യയും, ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂൺ ജോഷി, സംവിധായകരായ സഞ്ജയ് ലീല ബൻസാലി, ചന്ദ്രപ്രകാശ് ദ്വിവേദി എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.