ഹ്യൂസ്റ്റണ്‍: അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ചു വമ്പിച്ച പരിപാടികള്‍ ആസൂത്രണം ചെയ്ത് രാമദാസ മിഷന്‍. പെയര്‍ലാന്റിലെ രാമദാസ മിഷന്‍ ആണ് വിപുലമായ ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
പിയര്‍ലാന്റിലെ മീനാക്ഷി ക്ഷേത്രസമുച്ചയത്തിനടുത്തായി സ്ഥിതി ചെയ്യുന്ന രാമദാസമിഷനില്‍ ജനുവരി 21ന് ഞായറാഴ്ച രാവിലെ 9:30 മുതല്‍ വിവിധ ഹോമങ്ങള്‍ ഉള്‍പ്പടെയുള്ള ചടങ്ങുകളോടെയാണ് പ്രാണ പ്രതിഷ്ഠ മഹോത്സവം ആഘോഷിക്കുന്നത്. എല്ലാ മാസവും ഇവിടെ നടത്താറുള്ള പൂജകള്‍ക്ക് പുറമെയാണ് പ്രത്യേക ആഘോഷങ്ങള്‍.
രാവിലെ 9:30ന് ഗണപതി ഹോമം അതിനു ശേഷം ശ്രീരാമ ഹോമം, ഹനുമാന്‍ ഹോമം, സുദര്‍ശന ഹോമം, വിഷ്ണു സഹസ്രനാമ യജ്ഞം ലളിതാ സഹശ്രനാമ ഹോമം തുടങ്ങി അതിവിശിഷ്ടങ്ങളായ ഹോമ യജ്ഞ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ലോകമെമ്പാടുമുള്ള ഹൈന്ദവരുടെ സ്വാഭിമാന സുദിനമായ അയോധ്യ പ്രതിഷ്ഠാ കര്‍മം സമുജ്വലമാക്കാന്‍ എല്ലാ വിശ്വാസികളും സഹകരിക്കണമെന്ന് രാമദാസ മിഷന്‍ കോര്‍ഡിനേറ്റര്‍ ജയപ്രകാശ് (ചിക്കാഗോ) അഭ്യര്‍ഥിച്ചു.
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കുംവരെ ചടങ്ങുകള്‍ ഉണ്ടായിരിക്കുമെന്ന് ജയപ്രകാശ് അറിയിച്ചു. ചടങ്ങുകളുടെ കൂടുതല്‍ വിവരങ്ങള്‍ക്കു ജയപ്രകാശിനെ
630-430-6329 എന്ന നമ്പറില്‍ ബന്ധപ്പെടാം.