മസ്‌കത്ത്: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ പുത്തൻ ചുവടുവെപ്പുമായി റോയൽ ഒമാൻ പൊലീസ്. ഇതിന്റെ ഭാഗമായി സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചു തുടങ്ങി. ഇവ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ച് തുടങ്ങിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
മൊബൈൽ ഫോണുകളുടെ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, റോഡ് സിഗ്‌നലിന് മുമ്പായി ലെയ്ൻ മാറൽ എന്നിവ സ്മാർട്ട് റഡാറുകൾക്ക് കണ്ടെത്താനാകും. സമാന രീതിയലുള്ള റഡാറുകൾ ജി.സി.സി രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. ഒമാനിൽ പ്രധാനമായും അപടകങ്ങൾ നടക്കുന്നത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നതിലൂടെ ആണെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2022ൽ ഒമാനിൽ 76,200 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജി.സി.സി രാജ്യങ്ങളിൽ ട്രാഫിക് പിഴകൾക്ക് ഏകീകൃത രൂപമാണെന്നും പിഴകളിൽ പരാതിയുള്ളവർക്ക് റോയൽ ഒമാൻ പൊലീസ് വഴി നൽകാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ട്രാഫിക് പിഴ ശരിയല്ലെന്നോ അല്ലെങ്കിൽ ഗതാഗത കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നോ തോന്നുകയാണെങ്കിൽ ഇത്തരക്കാർക്ക് റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം വഴി പരാതി നൽകാവുന്നതാണ്