തിരുവനന്തപുരം: അയോധ്യയില്‍ പ്രതിഷ്ഠ നടത്തിയ രാം ലല്ലയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് ശശി തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുന്നത്.
അയോധ്യ പ്രതിഷ്ഠാ ചടങ്ങുകള്‍ തിരഞ്ഞെടുപ്പിന് ഗുണം കിട്ടാനുള്ള ബിജെപി തന്ത്രമാണെന്ന് ശശി തരൂര്‍ നേരത്തേ വിമര്‍ശനമുന്നയിച്ചിരുന്നു. പുരോഹിതരല്ല പകരം പ്രധാനമന്ത്രിയാണ് ചടങ്ങിന് നേതൃത്വം നല്‍കുന്നതെന്നും അതിലെ രാഷ്ട്രീയാര്‍ത്ഥം കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആരതിയുഴിഞ്ഞ് മോദി; അയോധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർണം
ഹിന്ദു വിശ്വാസത്തെ കോണ്‍ഗ്രസ് അവഹേളിച്ചിട്ടില്ലെന്നും ഉദ്ഘാടനം കഴിഞ്ഞാല്‍ രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷ്ഠാ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിരുന്നു. അഞ്ച് വയസുള്ള ബാലനായ രാമനാണ് അയോധ്യയിലെ പ്രതിഷ്ഠ. താല്‍ക്കാലിക ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കൃഷ്ണശിലയില്‍ തീര്‍ത്തതാണ് രാംലല്ല.
രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ണമായത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങുകളില്‍ പങ്കെടുത്തു.