ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്ര തടഞ്ഞ അസം സർക്കാറിന്‍റെയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെയും നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എത്ര ശ്രമിച്ചാലും ന്യായ് യാത്രയെ തടയാനാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ഏറ്റവും അഴിമതിക്കാരായ മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഹിമന്ത ബിശ്വ ശർമ. അസം നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും അതു തന്നെയാണ്. അസം മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങളെല്ലാം ന്യായ് യാത്രക്ക് ഗുണകരമായി ഭവിക്കുന്നതാണ് കാണുന്നത്. യാത്രക്ക് ഞങ്ങൾ പോലും പ്രതീക്ഷിക്കാത്ത പ്രചാരമാണ് മുഖ്യമന്ത്രി നേടിതന്നത്.
നിലവിലെ സാഹചര്യത്തിൽ അസമിലെ ഏറ്റവും വലിയ പ്രശ്നം ന്യായ് യാത്രയാണെന്ന് തോന്നുന്നു. ക്ഷേത്രവും കോളജുകളും സന്ദർശിക്കാൻ പോലും അധികൃതർ അനുമതി നൽകുന്നില്ല. അതാണ് അവരുടെ ശൈലി. ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും എന്നാൽ, ഞങ്ങളെ ഭയപ്പെടുത്താൻ അവർക്ക് കഴിയില്ല -രാഹുൽ വ്യക്തമാക്കി.
ജനങ്ങളെ കാണുന്നത് തടയാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരമാണ് ഈ നടപടികൾ. ഇതെല്ലാം മറികടന്ന് നിർഭയമായി ന്യായ് യാത്ര മുന്നോട്ട് പോവുകയാണെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ വ്യാപക ആക്രമണമാണ് ബി.ജെ.പി പ്രവർത്തകർ അഴിച്ചുവിടുന്നത്. കഴിഞ്ഞ ദിവസം സോനിത്പുരിൽ ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ കടന്നു പോകുന്നതിനിടെയാണ് കാവിക്കൊടികളും മോദി അനുകൂല മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയത്.
യാത്രയെ അലങ്കോലപ്പെടുത്തുന്ന രീതിയിലായിരുന്നു ബി.ജെ.പിക്കാരുടെ ഇടപെടൽ. 25ഓളം പേർ വടിയുമായി ബസിനരികിലേക്ക് ഓടിയെത്തി. പ്രതിഷേധം നടക്കുന്നതിനിടെ അവർക്കിടയിലേക്ക് രാഹുൽ ഗാന്ധി ഇറങ്ങുകയായിരുന്നു.
അതേസമയം, അസമിലെ ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടനം തുടരുകയാണ്. ജനുവരി 25 വരെയാണ് രാഹുലും സംഘവും അസമിൽ പര്യടനം തുടരുക. 17 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര അസമിൽ 833 കിലോമീറ്റർ സഞ്ചരിക്കും. അസം പര്യടനം പൂർത്തിയാക്കുന്ന ന്യായ് യാത്ര തുടർന്ന് മേഘാലയയിലേക്ക് കടക്കും.
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ വഴിയോര ഭക്ഷണശാല സന്ദർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ പ്രതിഷേധം. ഇന്നലെ വൈകിട്ട് നാഗോൺ ജില്ലയിലാണ് സംഭവം. പ്ലക്കാർഡ് ഉയർത്തി ഒരു സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ന്യായ് യാത്രയുടെ പര്യടനത്തിന് ശേഷം വിശ്രമ സ്ഥലമായ രുപോഹിയിലേക്ക് വാഹനത്തിൽ പോകും വഴിയാണ് രാഹുലും സംഘവും അംബഗനിലെ വഴിയോര ഭക്ഷണശാലയിൽ ഇറങ്ങിയത്. ഇതിന് പിന്നാലെ പ്ലാക്കാർഡ് ഉയർത്തി മുദ്രാവാക്യം വിളികളുമായി സംഘമെത്തി.