ടൂറിസം രംഗത്ത് 2030ഓടെ വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ. ടൂറിസം മേഖലയിൽ നിന്ന് മാത്രം 750 ബില്യൺ റിയാൽ വരുമാനം ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.
റിയാദിൽ നടന്ന റിയൽ എസ്റ്റേറ്റ് ഫ്യൂച്ചർ ഫോറത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 2030ഓടെ ലോകത്തിലെ സുപ്രധാന ടൂറിസം കേന്ദ്രമായി സൗദി മാറുമെന്നും അദ്ദേഹം പറഞ്ഞു. 15 കോടി സന്ദർശകരെയാണ് രാജ്യത്തെത്തിക്കാൻ പദ്ധതിയിടുന്നത്.
2023ൽ മാത്രം ടൂറിസം രംഗത്ത് 156 ശതമാനം വളർച്ചയാണ് രാജ്യം കൈവരിച്ചത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ടൂറിസം വളർച്ചയിലും സൗദി ലോകത്തിൽ തന്നെ മുൻപന്തിയിലാണ്. കഴിഞ്ഞ വർഷം മാത്രം ആഭ്യന്തര ഉൽപാദനത്തിന്റെ 4.5 ശതമാനവും ടൂറിസം മേഖലയിൽ നിന്നായിരുന്നു. ഇത് എണ്ണയിതര ജി.ഡി.പിയുടെ ഏഴു ശതമാനവുമാണ്.
രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഹോട്ടലുകളിലും റിസോർട്ടുകളിലുമെല്ലാം മികച്ച സേവനങ്ങൾ ഉറപ്പാക്കും. ഇതിനായി കൃത്യമായ മാർഗരേഖകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സഞ്ചാരികൾക്ക് കൃത്യമായ സേവനങ്ങൾ നൽകാത്ത 250ഓളം ഹോട്ടലുകൾ അടച്ചുപൂട്ടിയതായും മന്ത്രി വ്യക്തമാക്കി.