ന്യൂഡൽഹി: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന ഒമ്പത് വയസ്സുള്ള ദലിത് പെൺകുട്ടിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഡൽഹി ഹൈകോടതി തള്ളി.
രാഹുലിനെതിരെ ബാലാവകാശ, പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ സാമൂഹിക പ്രവർത്തകനാണ് കോടതിയെ സമീപിച്ചത്. എന്നാൽ, സമൂഹമാധ്യമമായ ‘എക്സി’ലെ പോസ്റ്റ് ഉടൻ നീക്കം ചെയ്തിരുന്നുവെന്ന് രാഹുലിന്റെയും ‘എക്സി’ന്റെയും അഭിഭാഷകർ കോടതിയെ അറിയിച്ചു.
പോസ്റ്റ് പുറത്തുവന്നയുടൻ രാഹുലിനെതിരെ കേസെടുത്തിരുന്നുവെന്നും അന്വേഷണം തുടരുകയാണെന്നും ഡൽഹി സർക്കാർ അഭിഭാഷകൻ പറഞ്ഞു. പെൺകുട്ടി മരിച്ചത് ബലാത്സംഗത്തിനിരയായാണെന്ന് അന്വേഷണത്തിൽ ഇതുവരെ വ്യക്തമാകാത്തതിനാൽ രാഹുലിനെതിരായ കേസ് നിലനിൽക്കില്ലെന്നും അദ്ദേഹം വാദിച്ചു. തുടർന്നാണ് കോടതി ഹരജി തള്ളിയത്.