ഷാർജ: യു.എ.ഇയിലെ ഷാർജയിൽനിന്ന് ഒമാൻ തലസ്ഥാമായ മസ്‌കത്തിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. ഇതിനായി ഷാർജ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും, ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവസലാത്തും കരാർ ഒപ്പിട്ടു.
ഷാർജയിലെ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് മസ്‌കത്തിലെ അൽ അസൈബ സ്റ്റേഷനിലേക്ക് പ്രതിദിന സർവിസ് ആരംഭിക്കാനാണ് ഷാർജ ആർ.ടി.എയും മുവസലാത്തും ധാരണയിലെത്തിയത്. എസ്.ആർ.ടി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുവസലാത്ത് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽ നദാബിയും എസ്.ആർ.ടി.എ ചെയർമാൻ എഞ്ചിനീയർ യൂസഫ് ബിൻ ഖമീസ് അൽ അത്മാനിയും കരാറിൽ ഒപ്പുവെച്ചു.
ഇരുരാജ്യങ്ങൾക്കുമിടയിലെ ബസ് ഗതാഗത ശൃംഖല സജീവമാക്കാനും ടൂറിസം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ ബസ് സർവീസ്. അതിർത്തിയിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പ്രത്യേക സംവിധാനമൊരുക്കും. സർവീസ് സമയം, ടിക്കറ്റ് നിരക്ക് എന്നിവ പിന്നീട് പ്രഖ്യാപിക്കും.