വെട്ടുകിളി അക്രമണത്തിൽ വലയുന്ന അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ സഹായം. 40,000 ലിറ്റര്‍ മാലതിയോൺ കീടനാശിനി ഇന്ത്യ അഫ്ഗാനിസ്ഥാന് കൈമാറി. ഇറാനിലെ ഛബ്രഹാർ തുറമുഖം വഴിയാണ് കീടനാശിനി കൈമാറിയത്.
പ്രകൃതിദുരന്തങ്ങളും മറ്റും അഫ്ഗാനിസ്ഥാനിലെ ഭക്ഷ്യസുരക്ഷ തകർത്തിട്ട് ഏറെക്കാലമായി. അതിനിടയിലാണ് വെട്ടുകിളികളുടെ അക്രമണവുമുണ്ടായിരിക്കുന്നത്. ഇന്ത്യ കൈമാറിയ മാലതിയോൺ കീടനാശിനി വെട്ടുകിളി ശല്യത്തിന് ഏറെ ഫലപ്രദമാണ് എന്നാണ് പറയുന്നത്. ഇന്ത്യ നൽകിയ സഹായത്തിന് അഫ്ഗാനിസ്ഥാൻ നന്ദി അറിയിച്ചു.
വെട്ടുകിളി എന്തുകൊണ്ടൊരു രാജ്യത്തിന് ഭീഷണിയാവുന്നു?
വെട്ടുകിളികൾ പുൽച്ചാടി ഇനത്തിൽ പെടുന്ന ജീവികളാണ്. അവ മനുഷ്യരെ നേരിട്ട് അക്രമിക്കുക പോലുമില്ല. എന്നാൽ, ഒരു രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ പിടിച്ചു കുലുക്കാൻ അവയ്ക്ക് വേണമെങ്കിൽ സാധിക്കും. അനുകൂലമായ പരിസ്ഥിതിയാണെങ്കിൽ വളരെ പെട്ടെന്നാണ് അവയ്ക്ക് വംശവർധനയുണ്ടാവുന്നത്. അതിനാൽ തന്നെ ഒന്നിച്ച് സഞ്ചരിക്കുക, വിളകളെ ഒരുമിച്ച് ആക്രമിക്കുക എന്നതാണ് ഇവയുടെ രീതി. അതിൽ പ്രധാനമാണ് കാർഷിക വിളകൾ. ഒരു രാജ്യത്തെത്തിക്കഴിഞ്ഞാൽ ഇവ അവിടെ മിക്കവാറും കാർഷിക വിളകൾ നശിപ്പിച്ചേ അടങ്ങാറുള്ളൂ.
പല രാജ്യങ്ങളും വെട്ടുകിളികളുടെ അക്രമണം കൊണ്ട് പൊറുതിമുട്ടിയിട്ടുണ്ട്. 2020 -ൽ, കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ എത്യോപ്യ, സൊമാലിയ, കെനിയ, ജിബൂട്ടി, എറിത്രിയ, ടാൻസാനിയ, സുഡാൻ, ദക്ഷിണ സുഡാൻ, ഉഗാണ്ട എന്നിവിടങ്ങളിലെല്ലാം വെട്ടുകിളി ആക്രമണമുണ്ടായിട്ടുണ്ട്. കനത്ത ഭക്ഷ്യക്ഷാമത്തിന് ഇത് കാരണമായിത്തീർന്നു.
വെട്ടുകിളിക്കൂട്ടങ്ങൾ പിന്നീട് വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലേക്കും താർ മരുഭൂമിയിലേക്കും നീങ്ങി. പാക്കിസ്ഥാനിൽ ദേശീയ അടിയന്തരാവസ്ഥ വരെ പ്രഖ്യാപിക്കേണ്ട അവസ്ഥ വന്നു. ഇന്ത്യയും ഇവയുടെ അക്രമത്തിൽ നിന്നും ഒഴിഞ്ഞില്ല. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 2020 ജൂണിലാണ് വെട്ടുകിളിക്കൂട്ടത്തിന്റെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.