കൊല്‍ക്കത്ത: സ്വാതന്ത്ര്യവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്നതിന് വേണ്ടി ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുമിച്ച് പോരാടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം. തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നാല്‍ കോണ്‍ഗ്രസിന് മടങ്ങിവരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മാള്‍ഡയില്‍ നടന്ന എസ്എഫ്‌ഐ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ മാള്‍ഡ, മുര്‍ഷിദാബാദ് പോലുള്ള ജില്ലകളില്‍ കടന്നുകയറാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് പറഞ്ഞ മുഹമ്മദ് സലിം സംസ്ഥാനത്തേക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ സ്വാഗതം ചെയ്തു. തൃണമൂലിനോടൊപ്പം യാതൊരു തരത്തിലുള്ള ബന്ധവും കോണ്‍ഗ്രസ് സ്വീകരിക്കരുതെന്നാണ് തങ്ങളുടെ നിബന്ധനയെന്നും മുഹമ്മദ് സലിം പറഞ്ഞു.
ഇന്‍ഡ്യ മുന്നണിയെന്നത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയതല്ലെന്നാണ് സിപിഐഎം നിലപാട്. ഏതെങ്കിലും നേതാവിനെ കുറിച്ചല്ല മുന്നണിയുടെ ആശയത്തെ കുറിച്ചാണ് സംസാരിക്കേണ്ടതെന്നും മുഹമ്മദ് സലിം പറഞ്ഞു. 2011ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐഎം നയിച്ച ഇടതുമുന്നണി സര്‍ക്കാരിനെ താഴെയിറക്കാന്‍ തൃണമൂലിന് സാധിച്ചത് കോണ്‍ഗ്രസ് പിന്തുണയുള്ളത് കൊണ്ടുമാത്രമായിരുന്നുവെന്ന് ഓര്‍ക്കണം. ഭരണം ലഭിച്ചതിന് ശേഷം മുഖ്യമന്ത്രി കോണ്‍ഗ്രസിനെ തഴഞ്ഞെന്നും മുഹമ്മദ് സലിം പറഞ്ഞു.