ഭോപ്പാല്‍∙ ഗോവയ്ക്ക് പകരം അയോധ്യയിലേക്കും വാരാണസിയിലേക്കും ഹണിമൂണ്‍ ട്രിപ്പ് കൊണ്ടുപോയ ഭര്‍ത്താവിനെതിരെ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ച് യുവതി. വിവാഹം കഴിഞ്ഞ് എട്ടു മാസത്തിനു ശേഷമാണ് കുടുംബകോടതിയില്‍ യുവതി ഹര്‍ജി സമര്‍പ്പിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
കഴിഞ്ഞ വര്‍ഷം മേയില്‍ വിവാഹിതരായ ദമ്പതിമാര്‍ ഐടി മേഖലയിലാണു ജോലി ചെയ്യുന്നത്. മികച്ച വരുമാനമുള്ള തങ്ങള്‍ക്ക് വിദേശത്ത് ഹണിമൂണ്‍ പോകാന്‍ സാമ്പത്തിക ശേഷിയുണ്ടെന്ന് യുവതിയുടെ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ വിദേശത്തു പോകുന്നതിനു പകരം ഇന്ത്യയില്‍ എവിടെയെങ്കിലും പോകാമെന്ന നിലപാടിലായിരുന്നു ഭര്‍ത്താവ്. മാതാപിതാക്കളെ പരിപാലിക്കേണ്ടതിനാല്‍ ഗോവയിലേക്കോ ദക്ഷിണേന്ത്യയിലേക്കോ കൊണ്ടുപോകാമെന്ന് ഭര്‍ത്താവ് അറിയിച്ചത് ഇരുവരും അംഗീകരിച്ചിരുന്നു.
എന്നാല്‍ പിന്നീട് ഭര്‍ത്താവ്, യുവതിയോടു പറയാതെ അയോധ്യയിലേക്കും വാരാണസിയിലേക്കും വിമാനടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. യാത്രയ്ക്ക് ഒരുദിവസം മുന്‍പ് മാത്രമാണ് വിവരം ഭാര്യയോടു പറഞ്ഞത്. രാംമന്ദിര്‍ പ്രതിഷ്ഠാദിനത്തിനു മുന്‍പ് അമ്മയ്ക്ക് അയോധ്യ സന്ദര്‍ശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ടാണ് യാത്ര അവിടേയ്ക്ക് ആക്കിയതെന്നും ഭര്‍ത്താവ് പറഞ്ഞു. എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതിരുന്ന യുവതി യാത്രയില്‍ പങ്കെടുക്കുകയും ചെയ്തു. മടങ്ങിയെത്തിയതിനു ശേഷം ദമ്പതിമാര്‍ തമ്മില്‍ ഇതിനെച്ചൊല്ലി അതിരൂക്ഷമായ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വിഷയം കുടുംബകോടതി വരെ നീളുകയായിരുന്നു. തന്നേക്കാളും സ്വന്തം കുടുബത്തെയാണ് ഭര്‍ത്താവ് വിലമതിക്കുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇരുവര്‍ക്കും കോടതി നിര്‍ദേശപ്രകാരം കൗണ്‍സിലിങ് നല്‍കുകയാണ്.