ന്യൂഡൽഹി: തങ്ങൾ പറയുന്നത് ജനങ്ങൾ അന്ധമായി വിശ്വസിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും അതിനുള്ള മറുപടി ചെറുത്തുനിൽപ്പാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ വിദ്യാർഥികളുമായി സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇന്ത്യ എന്ന ആശയത്തെ ശക്തപ്പെടുത്താൻ തീയിലൂടെയാണ് നടക്കുന്നത്. ഒരുകാലത്ത് സ്വതന്ത്രത്തിന്റേയും ആവിഷ്ക്കാരത്തിൻ്റേയും ഉറവിടമായിരുന്ന സർവകലാശാലകൾ ഇന്ന് ഭയത്തിന്റെയും അടിച്ചമർത്തലിൻ്റേയും അന്ധമായ അനുസരണത്തിന്റേയും വിളനിലങ്ങളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭാവിക്ക് കൂട്ടിനുള്ളിലിരിക്കാൻ സാധിക്കില്ലെന്നും അതിനാലാണ് വിദ്യാർഥികൾക്ക് രാഷ്ട്രീയവും ചെറുത്തുനിൽപ്പും പ്രധാനമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് വിദ്യാർഥികലെ കാണേണ്ടത് അവരുടെ സർവകലാശാലയിൽ വെച്ചാണെന്നും മറിച്ച് അടച്ചിട്ട മുറികളിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികളുമായി സംവദിക്കുന്നതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സർവകലാശാലക്ക് നിർദേശം കൈമാറിയിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രസംഗം വിദ്യാർഥികളുടെയുള്ളിൽ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ആഴത്തിൽ ചിന്തിപ്പിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെ ചോദ്യത്തിനും രാഹുൽ മറുപടി പറഞ്ഞിരുന്നു.
തൊഴിലില്ലായ്മയും വിലക്കയറ്റവും സാമൂഹ്യ നീതിയും വിഷയങ്ങളാക്കി ജനുവരി 14ന് മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്നും യാത്ര തുടങ്ങിയത്. കന്യാകുമാരി മുതൽ കശ്മീർ വരെ ഭാരത് ജോഡോ യാത്രയുടെ വൻ വിജയത്തിന് പിന്നാലെ രാഹുൽ ഗാന്ധി കിഴക്കു നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണിത്.
67 ദിവസത്തിനുള്ളിൽ 6,713 കിലോമീറ്റർ ദൂരം വാഹനത്തിലും കാൽനടയായും രാഹുൽ സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും. മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും.