കൊച്ചി: പൊലീസിന്റെ ഒത്താശയോടെയാണ് കരിങ്കൊടി പ്രതിഷേധമെന്ന ഗവര്‍ണറുടെ ആരോപണം തള്ളി എസ്എഫ്‌ഐ. എസ്എഫ്‌ഐക്ക് സമരം ചെയ്യാന്‍ ആരുടെയും ഒത്താശയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സംസ്ഥാന വ്യാപകമായി ചാന്‍സലര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം എസ്എഫ്‌ഐ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സമരം തുടരുമ്പോള്‍ പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമമാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത്. എല്ലാതരത്തിലുള്ള പ്രോട്ടോകോളുകളും ലംഘിച്ച് റോഡിലേക്കിറങ്ങി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രോശിക്കുകയാണ്. ജനാധിപത്യത്തില്‍ സമരം ചെയ്യാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. പ്രകോപനത്തില്‍ എസ്എഫ്‌ഐ വീഴില്ല. സമരവുമായി മുന്നോട്ട് പോകുമെന്നും ആര്‍ഷോ പറഞ്ഞു.
എത്രയാളുകളെ അറസ്റ്റ് ചെയ്ത് നീക്കിയാലും പ്രവര്‍ത്തകരെ അണിനിരത്തും. പൊലീസ് യാതൊരു ഒത്താശയും ചെയ്യുന്നില്ല. ഒരു ഘട്ടത്തിലും ആരുടേയും സഹായം പ്രതീക്ഷിച്ചിട്ടുമില്ല, ആവശ്യപ്പെട്ടിട്ടുമില്ല. കേരളത്തിനകത്തുള്ള സര്‍വ്വകലാശകളില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ തിരുകികയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. അത് അനുവദിക്കില്ലെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗവര്‍ണര്‍ നടത്തുന്നതില്‍ യാതൊരു പ്രോട്ടോകോള്‍ ലംഘനവുമില്ലെന്ന് ബിജെപി നേതാവ് എംടി രമേശ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഒരു ഗവര്‍ണര്‍ക്ക് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാത്ത പൊലീസാണ് ഉള്ളത്. പിന്നെ ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് പ്രതിഷേധിക്കും. പൊലീസിനെ കൂട്ടുപിടിച്ചാണ് എസ്എഫ്‌ഐ സമരമെന്നും എം ടി രമേശ് പറഞ്ഞു.
കൊല്ലം നിലമേലിലാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിന് പിന്നാലെ കാറില്‍ നിന്നും പുറത്തിറങ്ങി ഗവര്‍ണര്‍ പൊലീസിനെ ശകാരിച്ചു. വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താല്‍ മാത്രമെ തിരിച്ച് കയറൂവെന്ന നിലപാടിലാണ്. എന്തുകൊണ്ട് നേരത്തെ അറസ്റ്റ് ചെയ്തു നീക്കിയില്ലെന്ന് ഗവര്‍ണര്‍ ചോദിച്ചു. നേരത്തെ പാലക്കാടും തിരുവനന്തപുരത്തും സമാന സാഹചര്യം നിലനിന്നിരുന്നു. പരിപാടി നടക്കുന്നിടത്ത് നിന്നും പത്ത് കിലോമീറ്റര്‍ അകലെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്.