ന്യുഡൽഹി: ഏദൻ ഉൾക്കടലിൽ ആക്രമിക്കപ്പെട്ട കപ്പലിന് സഹായവുമായി ഇന്ത്യൻ നാവികസേന. ബ്രിട്ടീഷ് എണ്ണകപ്പൽ മാർലിൻ ലുൻഡക്കെതിരെയാണ് ആക്രമണമുണ്ടായത്. റോക്കറ്റ് ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചു. തീയണക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ നാവികസേനയുടെ സഹകരണത്തോടെ പുരോഗമിക്കുകയാണ്.
ഐ.എൻ.എസ് വിശാഖപട്ടണമാണ് ഏദൻ ഉൾക്കടലിൽ ആക്രമിക്കപ്പെട്ട കപ്പലിന് സഹായം നൽകുന്നത്. സഹായ അഭ്യർഥന ലഭിച്ചതിനെ തുടർന്നാണ് ഐ.എൻ.എസ് വിശാഖപട്ടണം ഇക്കാര്യത്തിൽ ഇടപ്പെട്ടത്. എൻ.ബി.സി.ഡി സംഘത്തിന്റെ സഹകരണത്തോടെ കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ നാവികസേന പ്രസ്താവനയിൽ അറിയിച്ചു.
22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് പൗരനുമാണ് കപ്പലിലുണ്ടായിരുന്നത്. കടലിൽ വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ നാവികസേന എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും നേവി വ്യക്തമാക്കിയിട്ടുണ്ട്.