ന്യൂയോര്‍ക്ക്: ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തില്‍ ചില ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ ഫലസ്തീന്‍ ഏജന്‍സിക്കുള്ള യു എന്‍ സഹായം നിര്‍ത്തലാക്കിയ യു എസിന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍. യു കെ, ഇറ്റലി, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് യു എന്‍ ഫലസ്തീന്‍ ഏജന്‍സിക്കുള്ള ധനസഹായം പിന്‍വലിക്കുന്നതില്‍ യു എസിനൊപ്പം ചേര്‍ന്നത്.
ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള ഐക്യരാഷ്ട്ര ഏജന്‍സിക്കുള്ള സാമ്പത്തിക സഹായമാണ് പിന്‍വലിച്ചത്.
യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റഫ്യൂജീസ് (യു എന്‍ ആര്‍ ഡബ്ല്യു എ) എന്നറിയപ്പെടുന്ന യു എന്‍ ഏജന്‍സിക്കുള്ള ധനസഹായം നിര്‍ത്താനുള്ള റോമിന്റെ തീരുമാനം ശനിയാഴ്ച ഇറ്റലിയുടെ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി സ്ഥിരീകരിച്ചു.
ഓസ്ട്രേലിയയുടെ വിദേശകാര്യ മന്ത്രി പെന്നി വോംഗ് കാന്‍ബെറയുടെ സാമ്പത്തിക സഹായം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന സമാനമായ പ്രസ്താവന നടത്തി. ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള യു എന്‍ ഏജന്‍സിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
ചില യു എന്‍ ആര്‍ ഡബ്ല്യു എ ജീവനക്കാരുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ തനിക്ക് നല്ല വിഷമമുണ്ടെന്ന് കാനഡയുടെ അന്താരാഷ്ട്ര വികസന മന്ത്രി അഹമ്മദ് ഹുസെന്‍ സോഷ്യല്‍ മീഡിയയില്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലിനെതിരായ ഒക്ടോബര്‍ 7 ആക്രമണത്തെ കാനഡ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 7ന് തെക്കന്‍ ഇസ്രായേലില്‍ ഇരച്ചുകയറി നടത്തിയ ആക്രമണത്തില്‍ യു എന്‍ ആര്‍ ഡബ്ല്യു എയുടെ 12 ജീവനക്കാര്‍ ഉള്‍പ്പെട്ടിരിക്കാമെന്ന് ഇസ്രായേല്‍ സുരക്ഷാ സേവനങ്ങള്‍ വഴി തെളിവ് നല്‍കിയതിനെത്തുടര്‍ന്നാണ് യു എസ് വെള്ളിയാഴ്ച ധനസഹായം നിര്‍ത്തിവച്ചത്. യു എന്‍ ഏജന്‍സിയുടെ ഏറ്റവും വലിയ ദാതാവാണ് യു എസ്.
യുദ്ധാനന്തരം ഗാസയില്‍ യു എന്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത് തടയാന്‍ തന്റെ രാജ്യം ശ്രമിക്കുമെന്ന് ശനിയാഴ്ച ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. യു എന്‍ ആര്‍ ഡബ്ല്യു എ പരിഹാരമല്ലെന്നും അത് ഹമാസിന്റെ ഒരു സിവിലിയന്‍ ശാഖയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അവകാശപ്പെട്ടു.
ആരോപണത്തില്‍ ഉള്‍പ്പെട്ട തൊഴിലാളികളുടെ കരാര്‍ അവസാനിപ്പിച്ചതായും അതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഏജന്‍സി വെള്ളിയാഴ്ച അറിയിച്ചു.
1949ല്‍ ആരംഭിച്ച യു എന്‍ ഏജന്‍സി ഗാസ, വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, ലെബനന്‍, സിറിയ എന്നിവിടങ്ങളിലെ ഫലസ്തീനികള്‍ക്ക് ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും മറ്റ് മാനുഷിക സഹായങ്ങളും നല്‍കുന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് പലായനം ചെയ്യുന്ന സാധാരണക്കാര്‍ക്ക് അഭയം നല്‍കാന്‍ യു എന്‍ ആര്‍ ഡബ്ല്യു എ ഗാസയിലുടനീളമുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചിരുന്നു.