ഭാര്യയെയും മൂന്ന് വയസുകാരന് മകനെയും കൊന്ന് കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. സുഭേന്ദു ബേര എന്ന 29കാരനാണ് ജീവനൊടുക്കാന്‍ ശ്രമിക്കവേ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസിന്റെ പിടിയിലായത്. ജാര്‍ഖണ്ടിലെ കിഴക്കന്‍ സിംഗ്ഭും ജില്ലയിലാണ് യുവാവ് ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ദാരുണസംഭവം നടന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സാ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ബഹാരഗോര പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന കൊക്മാര ഗ്രാമത്തിലാണ് വെളളിയാഴ്ച്ച കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്നുളള ദേഷ്യത്തില്‍ സുഭേന്ദു ബേര ഭാര്യയായ പാര്‍വ്വതി ബേരയെയും 3 വയസുമാത്രം പ്രായമുളള മകനെയും കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. ശേഷം വീടിന് പുറത്തുളള മരത്തില്‍ ആത്മഹത്യ ചെയ്യാനായിരുന്നു സുഭേന്ദു ബേരയുടെ പദ്ധതി. എന്നാല്‍ മരത്തില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ കരച്ചില് അടുത്തുളള ബന്ധുക്കളും നാട്ടുകാരും കേള്‍ക്കാനിടയായി. ഓടിയെത്തിയ നാട്ടുകാരാണ് തൂങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ താഴെയിറക്കിയത്.
നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് ഉടനടി സംഭവസ്ഥലത്തെത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സുഭേന്ദു ബേരയ്ക്ക് മനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്കി. ഭാര്യയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി അയച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു