Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകോട്ടയത്തെ സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കം; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

കോട്ടയത്തെ സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കം; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

കോട്ടയം: കോട്ടയം സീറ്റിനായി ജോസഫ് ഗ്രൂപ്പിൽ നടക്കുന്ന പിടിവലികളിലും പരസ്യ പ്രസ്താവനകളിലും കടുത്ത അതൃപ്തിയിൽ കോൺഗ്രസ് നേതൃത്വം. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ മണ്ഡലത്തിലെ യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുന്ന നിലയിലേക്ക് വളരുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. 29 ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ സ്ഥാനാർഥി ആരെന്ന കാര്യം വ്യക്തമാക്കിയാലേ സീറ്റ് ജോസഫ് ഗ്രൂപ്പിന് നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചു.

കേരളത്തിൽ ആദ്യം ജയിക്കുന്ന സീറ്റായിട്ടാണ് കോട്ടയത്തെ യുഡിഎഫ് വിലയിരുത്തുന്നത്. ജോസഫ് ഗ്രൂപ്പിന് തന്നെ സീറ്റ് നൽകാനും കോൺഗ്രസ് നേതൃതലത്തിൽ ധാരണയായിട്ടുണ്ട്. എന്നാൽ സീറ്റിനായി ജോസഫ് ഗ്രൂപ്പ് നേതാക്കൾക്കിടയിൽ നടക്കുന്ന ചക്കളത്തിപ്പോരിപ്പോൾ കോൺഗ്രസിനെയും പേടിപ്പിക്കുകയാണ്. ജോസഫ് ഗ്രൂപ്പുകാർ പരസ്പരം പാലം വലിച്ചാൽ പണി പാളുമെന്ന തിരിച്ചറിവ് കോൺഗ്രസിനുണ്ട്. ആശങ്ക അടുത്ത ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ അറിയിക്കും. സീറ്റ് തരാം പക്ഷേ സ്ഥാനാർഥി ആരെന്ന കാര്യത്തിൽ നേരത്തെ വ്യക്തത വരുത്തണമെന്ന നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

ഫ്രാൻസിസ് ജോർജ് മൽസരിക്കുന്നതാകും നല്ലതെന്ന അഭിപ്രായമാണ് കോൺഗ്രസ് നേതാക്കളിൽ മിക്കവർക്കും. എന്നാൽ സീറ്റിനായി കെ. എം. മാണിയുടെ മരുമകൻ എം പി. ജോസഫും സജി മഞ്ഞക്കടമ്പിലും പല വഴികളിൽ നടത്തുന്ന സമ്മർദ്ദം കോൺഗ്രസ് നേതാക്കളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

ഉൾപ്പാർട്ടി പ്രശ്നങ്ങളുടെ പേരിൽ ഫ്രാൻസിസ് ജോർജ് ഒഴിവാക്കപ്പെട്ടാൽ എംഎൽഎയായ മോൻസ് ജോസഫ് തന്നെ ഇറങ്ങണമെന്ന നിർദ്ദേശം കോൺഗ്രസ് മുന്നോട്ടു വയ്ക്കുമെന്ന ആശങ്കയും ജോസഫ് ഗ്രൂപ്പിനുണ്ട്. ഒത്തുതീർപ്പു സ്ഥാനാർഥിയായി പി. ജെ. ജോസഫിന്റെ മകൻ അപു ജോൺ ജോസഫോ മുൻ എം എൽ എ തോമസ് ഉണ്ണിയാടനോ വരാനുള്ള സാധ്യതകളും ഉരുത്തിരിയുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments