തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷയ്ക്ക് ആദ്യ ഘട്ടമായി സിആർപിഎഫ് നിയോഗിച്ചത് 20 അംഗ സംഘത്തെ. ഗവർണറുടെയും രാജ്ഭവന്റെയും സുരക്ഷയ്ക്കായി മൊത്തം 65 സിആർപിഎഫ് ഭടന്മാരുണ്ടാകുമെന്നു രാജ്ഭവൻ അറിയിച്ചു. ഇതിൽ 41 പേരെങ്കിലും ഒരു ദിവസം ഡ്യൂട്ടിയിലുണ്ടാകും. രാജ്ഭവനിലെ കേരള പൊലീസ് കമാൻഡോകളെ ഒഴിവാക്കും. എന്നാൽ, ഗവർണർ സഞ്ചരിക്കുമ്പോൾ പൈലറ്റും എസ്കോർട്ടും വഴിയിലെ സുരക്ഷയും പങ്കെടുക്കുന്ന സ്ഥലത്തെ സുരക്ഷയും കേരള പൊലീസ് തുടരും.
രാജ്ഭവന്റെ കവാടത്തിലും കേരള പൊലീസുണ്ടാകും. കൊല്ലം നിലമേലിൽ വീണ്ടും അത്തരം പ്രതിഷേധം ആവർത്തിച്ചതോടെയാണ് ഗവർണർ വിഷയം കേന്ദ്രത്തെ ധരിപ്പിച്ചതും മിന്നൽവേഗത്തിൽ സിആർപിഎഫ് കമാൻഡോകൾ സുരക്ഷ ഏറ്റെടുത്തതും. സെഡ് പ്ലസ് സുരക്ഷയാണു ഗവർണർക്കു നിലവിലുള്ളത്. സിആർപിഎഫിന് പൊലീസിന്റെ അധികാരമൊന്നുമില്ല. ഗവർണറുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്നവരെ പിടികൂടി കേരള പൊലീസിൽ ഏൽപിക്കാം. കേസെടുക്കുന്നതും തുടർനടപടി സ്വീകരിക്കുന്നതും പൊലീസാണ്. വിമാനത്താവളത്തിൽ സ്വർണക്കടത്തുകാരനെ കസ്റ്റംസ് പിടികൂടി പൊലീസിൽ ഏൽപിക്കുന്നതു പോലെ. കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ സിആർപിഎഫിന് അധികാരമില്ല.
വിവിഐപിയുടെ ജീവനു ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ തോക്ക് ഉപയോഗിക്കാം. മുഖ്യമന്ത്രിയുടെ സുരക്ഷാജോലി വിട്ട് പ്രതിഷേധക്കാരെ തല്ലിച്ചതച്ച ഗൺമാന്റെ രീതി സിആർപിഎഫിന് നിയമപരമായി സ്വീകരിക്കാനാവില്ല.