ഫിലഡൽഫിയ: ഓവർസീസ് റസിഡന്‍റ് മലയാളി അസോസിയേഷൻ (ഓര്‍മ്മ) നേതൃത്വം നൽകുന്ന ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന രാജ്യാന്തര പ്രസംഗ മത്സരത്തിന്റെ സീസണ്‍ 2 റജിസ്ട്രേഷനുള്ള അവസാന തീയതി ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചതായി ഭാരവാഹികളായ ജോസ് തോമസ്, എബി ജെ ജോസ്, ഷാജി ആറ്റുപുറം എന്നിവർ അറിയിച്ചു. സീസണ്‍ 2ൽ ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്കും സീനിയർ വിഭാഗത്തിൽ ഒമ്പതാം ക്ലാസ്സുമുതൽ ഡിഗ്രി അവസാനവർഷം വരെ പഠിക്കുന്നവർക്കും പങ്കെടുക്കാം.
സീനിയേഴ്സ് മലയാള വിഭാഗം ‘സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം യുവജനങ്ങളിൽ – (ഇംഗ്ലിഷ് വിഭാഗം The influence of social media on young generation) എന്ന വിഷയത്തിലും ജൂനിയേഴ്സ് മലയാള വിഭാഗം ‘കുട്ടികളുടെ സാമൂഹിക വളർച്ചയിൽ മൂല്യങ്ങളുടെ പങ്ക്’ (ഇംഗ്ലിഷ് വിഭാഗം The role of values in the social development of children) എന്നതുമാണ് പ്രസംഗ വിഷയം. ഗൂഗിള്‍ റജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ചയക്കുകയാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള ആദ്യപടി. മൂന്നു മിനിട്ടില്‍ കവിയാത്ത പ്രസംഗത്തിന്റെ വിഡിയോയും ഗൂഗിള്‍ഫോമിലൂടെ അപ്ലോഡ് ചെയ്യണം.
ഗൂഗിള്‍ ഫോമില്‍ വിഡിയോ അപ്ലോഡ് ചെയ്യാന്‍ സാധിക്കാത്ത പക്ഷം [email protected] എന്ന ഈമെയിലില്‍ അയച്ചു നല്‍കാവുന്നതാണ്. വിഡിയോയുടെ തുടക്കത്തില്‍ തന്നെ പേര് കൃത്യമായി പറയണം. സാംപിള്‍ വിഡിയോ വെബ്‌സൈറ്റില്‍ കാണാവുന്നതാണ്.