ന്യൂയോര്‍ക്ക്: കഴിഞ്ഞ 48 വര്‍ഷമായി ന്യൂയോര്‍ക്കിലെ ക്വീന്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംഘടന കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KCANA) 2024 വര്‍ഷത്തേക്കുള്ള സാരഥികള്‍ ചുമതലയേറ്റു പ്രവര്‍ത്തനമാരംഭിച്ചു. പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് മഠത്തില്‍, സെക്രട്ടറി മാത്യു ജോഷുവ (ബോബി), ട്രഷറര്‍ ജോണി സക്കറിയ, വൈസ് പ്രസിഡന്റ് സാം സി. കൊടുമണ്‍, ജോയിന്റ് സെക്രട്ടറി ജോബി ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ റിനോജ് കോരുത് എന്നിവരാണ് കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തില്‍ വച്ച് ചുമതലയേറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഇവരെക്കൂടാതെ പതിമൂന്നംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ചുമതലയേറ്റെടുത്തു.
2023-ലെ പ്രസിഡന്റായിരുന്ന രാജു എബ്രഹാം സംഘടനയുടെ ആസ്ഥാന മന്ദിരത്തിന്റെ താക്കോലും മറ്റ് രേഖകളും നിയുക്ത പ്രസിഡന്റ് ഫിലിപ്പ് മഠത്തിലിന് കൈമാറി. സംഘടനയുടെ മിനുറ്റ്‌സ് ബുക്ക് സെക്രട്ടറി ബോബിക്ക് കൈമാറി നിയുക്ത പ്രസിഡന്റ് ഫിലിപ്പ് സെക്രട്ടറിയെ ചുമതല ഏല്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ട്രഷറര്‍ ആയിരുന്ന ജോണി സക്കറിയ അടുത്ത ഒരു വര്‍ഷം കൂടി ട്രഷറര്‍ ചുമതലയില്‍ തുടരും. പൊതുയോഗത്തില്‍ പങ്കെടുത്ത എല്ലാവരും പുതിയ ചുമതലക്കാര്‍ക്ക് ആശംസകളും ഭാവുകങ്ങളും നേര്‍ന്നു.