ദില്ലി: സൊമാലിയയുടെ കിഴക്കൻ തീരത്ത് കടൽക്കൊള്ളക്കാർ മത്സ്യബന്ധന ബോട്ട് തട്ടിയെടുത്ത് ബന്ദികളാക്കിയ 19 പാക് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവിക സേന രക്ഷപ്പെടുത്തി. യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്രയിലെ സൈനികരാണ് പാക് തൊഴിലാളികളെ രക്ഷിച്ചത്. 36 മണിക്കൂറിനുള്ളിൽ യുദ്ധക്കപ്പൽ നടത്തുന്ന രണ്ടാമത്തെ ആൻ്റി പൈറസി ഓപ്പറേഷനാണിതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു.
ഇറാനിയൻ പതാക ഘടിപ്പിച്ച മത്സ്യബന്ധന കപ്പലായ എഫ്‌വി അൽ നഈമിയിൽ 11 സായുധ കടൽക്കൊള്ളക്കാർ കയറുകയും തൊഴിലാളികളായ 19 പാക് പൗരന്മാരെ ബന്ദികളാക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരെ കീഴടക്കി ബന്ദികളെ മോചിപ്പിച്ചു. സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മറ്റൊരു ഇറാനിയൻ പതാകയുള്ള മത്സ്യബന്ധന ബോട്ടായ എഫ്‌വി ഇമാനാണ് വിവരം ഐഎൻഎസ് സുമിത്രയെ അറിയിച്ചത്.
36 മണിക്കൂറിനുള്ളിൽ, കൊച്ചിയിൽ നിന്ന് ഏകദേശം 850 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് തെക്കൻ അറബിക്കടലിൽ 36 ക്രൂ അംഗങ്ങളുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളെ മോചിപ്പിച്ചെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു. കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മത്സ്യബന്ധന ബോട്ടുകളെ മദർ ഷിപ്പുകളായി കൊള്ളക്കാർ ഉപയോഗിക്കുന്നത് തടയുമെന്നും സൈന്യം അറിയിച്ചു. നേരത്തെ, ഇന്ത്യൻ നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് വിശാഖപട്ടണം ഏദൻ ഉൾക്കടലിൽ മിസൈൽ പതിച്ചതിനെത്തുടർന്ന് കപ്പലിലെ വൻ തീപിടിത്തം കെടുത്താൻ സഹായിച്ചിരുന്നു.