കൊല്ലം ∙ നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകർക്കു ജാമ്യം. റിമാൻഡിലായ 12 എസ്എഫ്ഐ പ്രവർത്തകർക്കാണു കൊട്ടാരക്കര കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രകടനത്തിൽ രോഷാകുലനായ ഗവർണർ യാത്ര നിർത്തി റോഡരികിൽ കസേരയിട്ടിരുന്നു രണ്ടു മണിക്കൂറോളം പ്രതിഷേധിച്ചിരുന്നു.
17 എസ്എഫ്ഐ പ്രവർത്തകരെ പ്രതികളാക്കിയുള്ള എഫ്ഐആറിന്റെ പകർപ്പ് പൊലീസ് എത്തിച്ചശേഷമാണു ഗവർണർ യാത്ര പുനരാരംഭിച്ചത്. സംഭവത്തെ തുടർന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഗവർണർ പിന്നീട് ഫോണിൽ സംസാരിച്ചു. ഗവർണറുടെ സുരക്ഷ കേന്ദ്രസേനയായ സിആർപിഎഫ് ഏറ്റെടുത്തിരുന്നു. രാവിലെ പത്തേമുക്കാലോടെ എംസി റോഡിലൂടെ ഗവർണർ കൊട്ടാരക്കരയിലേക്കു പോകുമ്പോൾ നിലമേൽ എൻഎസ്എസ് കോളജിനു സമീപമായിരുന്നു നാടകീയ സംഭവങ്ങൾ.
ഗവർണറുടെ കാറിനു മുന്നിലേക്കു കരിങ്കൊടികളുമായി ‘ഗോബാക്ക്’ വിളിച്ച് എസ്എഫ്ഐ പ്രവർത്തകർ പാഞ്ഞടുത്തു. എതിരെ ലോറി കണ്ട് ഗവർണറുടെ കാർ വേഗം കുറച്ചു. ഇതിനിടെ കാറിൽനിന്നു ചാടിയിറങ്ങിയ ഗവർണർ ‘ആവോ… ആവോ…’ ( വരൂ.. വരൂ) എന്നുപറഞ്ഞ് എസ്എഫ്ഐക്കാർ നിന്ന കടത്തിണ്ണയിലേക്കു കയറി. ഒരു പ്രവർത്തക ‘ഗോബാക്ക്’ വിളിച്ചപ്പോൾ ‘എന്തുവേണമെങ്കിലും പറഞ്ഞോളൂ, ഞാൻ പോകില്ല’ എന്നായി ഗവർണർ. ഇടപെടാൻ ശ്രമിച്ച പൊലീസും സമരക്കാരുമായി വാക്കേറ്റവും പിടിവലിയുമായി.
പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മൊത്തം അൻപതോളം പേരുണ്ടെന്നും എല്ലാവർക്കുമെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു ഗവർണർ റോഡരികിൽ കസേരയിട്ട് ഇരിക്കുകയായിരുന്നു. കേസെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും എഫ്ഐആർ കാണാതെ പിന്മാറില്ലെന്നായി. അനുനയിപ്പിക്കാൻ ഡിജിപി എസ്.ദർവേഷ് സാഹിബ് ഫോണിൽ വിളിച്ചെങ്കിലും വഴങ്ങിയില്ല. 12.40ന് എഫ്ഐആറിന്റെ പകർപ്പ് കിട്ടിയതോടെയാണ് ഗവർണർ കാറിൽ കയറിയത്.