തിരുവനന്തപുരം: ധനപ്രതിസന്ധിയിന്മേൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ തള്ളി. ചർച്ചയിൽ അതൃപ്തിയറിയിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ സഭ പ്രമേയം തള്ളുകയായിരുന്നു. കഴിഞ്ഞ സഭാ സമ്മേളനത്തിൽ നൽകിയ അതേ മറുപടിയാണ് ധനമന്ത്രിയുടേതെന്ന് പ്രതിപക്ഷം ആരോപിച്ചു.
സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തികൊണ്ടാണ് ധനപ്രതിസന്ധിയിലെ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷം രംഗത്തെത്തിയത്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കേന്ദ്ര നിലപാട് കാണാതെ പ്രതിപക്ഷം സംസ്ഥാനത്തെ മാത്രം കുറ്റപ്പെടുത്തുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വിമർശിച്ചു. ധനമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
അടിയന്തര പ്രമേയ ചർച്ചയിൽ കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ കടന്നാക്രമണം. റോജി എം ജോൺ അവതരിപ്പിച്ച പ്രമേയത്തിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാർ സംസ്ഥാന സർക്കാറാണെന്ന് കുറ്റപ്പെടുത്തി. നികുതി പിരിവിലെ വീഴ്ച്ചയാണ് പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.
കേന്ദ്രത്തെ സംരക്ഷിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഭരണപക്ഷവും കുറ്റപ്പെടുത്തി. പ്രതിപക്ഷ ആരോപണങ്ങൾ തള്ളിയ ധനമന്ത്രി കെ എൻ ബാലഗോപാൽ, കേന്ദ്ര നിലപാട് പ്രതിപക്ഷം കാണാതെ പോകന്നതായും വിമർശിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ ഒന്നൊന്നായി വിശദീകരിക്കാനാണ് ധനമന്ത്രി ശ്രമിച്ചത്. പക്ഷേ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ഒന്നും ധനമന്ത്രി മുന്നോട്ടുവെച്ചില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. അടിയന്തര പ്രമേയം നിയമസഭ തള്ളി.