തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനും രാജ്ഭവനും ഇനി സുരക്ഷയൊരുക്കുക സി.ആർ.പി.എഫ്. ഗവര്‍ണറുടെ സുരക്ഷ സംബന്ധിച്ച് രാജ്ഭവനില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
20 അംഗ സംഘത്തെയാണ് ഗവർണറുടെയും രാജ്ഭവന്‍റെയും സുരക്ഷക്കായി നിയോഗിക്കുക. ഗവര്‍ണറുടെ വാഹനത്തിനുള്ളിൽ കേരള പൊലീസിന് പകരം ഇനി മുതൽ ഉന്നത റാങ്കിലുള്ള സി.ആർ.പി.എഫ് ഉദ്യോഗസ്ഥനുണ്ടാകും.
ഗവർണറുടെ യാത്രകളിൽ പൈലറ്റ് വാഹനം മാത്രമേ ഇനി കേരള പൊലീസിന്‍റേതായി ഉണ്ടാകൂ. മുന്നിലെയും പിറകിലെയും വാഹനവ്യൂഹം നിയന്ത്രിക്കുന്നത് സി.ആർ.പി.എഫ് ആയിരിക്കും.
രാജ്ഭവന്‍റെ ഉള്ളിലും പരിസരത്തും സി.ആര്‍.പി.എഫ് സുരക്ഷയൊരുക്കും. ഇതോടെ, ഗേറ്റിലെ സുരക്ഷ മാത്രമാകും കേരള പൊലീസിന്. രാജ്ഭവനിലേക്ക് പ്രവേശിക്കുന്നവരുടെയും വാഹനങ്ങളുടെയുമൊക്കെ പരിശോധന സംസ്ഥാന പൊലീസ് തന്നെ നിര്‍വഹിക്കും.