മാലെ: ഇന്ത്യയുമായി അകന്ന് ചൈനയോട് അടുക്കാൻ ഒരുങ്ങിയ മാലദ്വീപിൽ പ്രസിഡന്റിനെതിരെ പ്രതിപക്ഷം ഇംപീച്ച്മെന്റ് നീക്കം ശക്തമാക്കിയതിനിടെ കോടതിയെ സമീപിച്ച് സർക്കാർ. ഇംപീച്ച്മെന്റ് നടപടികൾ എളുപ്പമാക്കുന്ന പാർലമെന്റ് നിയമങ്ങൾക്കെതിരെയാണ് ഭരണകൂടം സുപ്രീംകോടതിയിലെത്തിയത്.
നാലു മന്ത്രിമാരെ പുതുതായി ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് ഭരണ-പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ കൈയാങ്കളി നടത്തിയ ഞായറാഴ്ചയാണ് അറ്റോണി ജനറൽ പരാതി നൽകിയത്. പാർലമെന്റിൽ ഭൂരിപക്ഷമുള്ള മുഖ്യപ്രതിപക്ഷമായ എം.ഡി.പി പുതിയ മന്ത്രിമാർക്ക് അംഗീകാരം നൽകുന്നത് തടസ്സപ്പെടുത്തിയിരുന്നു. തൊട്ടുപിറകെ സംഘടന ഇംപീച്ച്മെന്റ് നീക്കവും പ്രഖ്യാപിച്ചു.
എന്നിട്ടും തിങ്കളാഴ്ച വൈകുന്നേരത്തോടെ മൂന്ന് മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്മെന്റ് നീക്കം പ്രസിഡന്റ് മുയിസുവിന്റെ നില പരുങ്ങലിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ മുയിസു ഭരണകൂടത്തിന്റെ ഭാഗമാകാൻ ഏഴ് പാർലമെന്റ് അംഗങ്ങൾ രാജി നൽകിയതോടെയാണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കം.
87 അംഗ സഭ തൽക്കാലം 80 ആയി ചുരുങ്ങിയതോടെ അവിശ്വാസം പാസാകാൻ 54 വോട്ടുകൾ മതിയാകും. എം.ഡി.പിക്കൊപ്പം പ്രതിപക്ഷത്തെ ഡെമോക്രാറ്റുകൾകൂടി ചേരുന്നതോടെ ഇംപീച്ച്മെന്റ് വിജയിപ്പിക്കാനുള്ള അംഗസംഖ്യയാകും. ഇതാണ് മുയിസുവിന് കുരുക്കാകുന്നത്.