ബ്രിട്ടീഷ് കൊളംബിയ: കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയ അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ചേര്‍ക്കുന്നതിന് പുതിയ കോളേജുകള്‍ക്ക് രണ്ടു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി
2026 ഫെബ്രുവരി വരെയാണ് അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നത് തടഞ്ഞത്.
യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ, സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയ തുടങ്ങിയ സ്ഥാപനങ്ങളിലുടനീളം പ്രവിശ്യയില്‍ ഗണ്യമായ ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്.
സ്വകാര്യ പരിശീലന സ്ഥാപനങ്ങളില്‍ കുറഞ്ഞ ഭാഷാ ആവശ്യകതകള്‍ അവതരിപ്പിക്കാനും തൊഴില്‍ വിപണി ആവശ്യകതകള്‍ക്കും ബിരുദ നിലവാരത്തിനും ഉയര്‍ന്ന നിലവാരം സ്ഥാപിക്കാനും ബ്രിട്ടീഷ് കൊളംബിയ പദ്ധതിയിടുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികളെ സത്യസന്ധമല്ലാത്ത സ്ഥാപനങ്ങള്‍ ചൂഷണം ചെയ്യുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതിനും പ്രവിശ്യയിലെ പോസ്റ്റ്- സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. രാജ്യാന്തര വിദ്യാര്‍ഥികളുടെ കുടിയേറ്റം തടയാനുള്ള ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാറിന്റെ പദ്ധതിയും ഈ നീക്കത്തിന് കാരണമായി കണക്കാക്കപ്പെടുന്നു. രാജ്യത്തെ ഭവന പ്രതിസന്ധിക്കുള്ള പരിഹാരമായും പുതിയ നീക്കം വിലയിരുത്തപ്പെടുന്നുണ്ട്.
ഈ വര്‍ഷം വിദ്യാര്‍ഥികളുടെ പ്രവേശനം 35 ശതമാനം കുറച്ച് 3,60,000 ആക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുണ്ട്. പുതിയ അന്താരാഷ്ട്ര വിദ്യാര്‍ഥി പെര്‍മിറ്റുകളില്‍ ഉടനടി രണ്ട് വര്‍ഷത്തെ പരിധി പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ നീക്കം. ബിരുദാനന്തരം ചില വിദ്യാര്‍ഥികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതും നിര്‍ത്തലാക്കും.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥി ജനസംഖ്യ ഒരു ദശലക്ഷത്തില്‍ കൂടുതലാണ്. ഇതില്‍ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതലുള്ളത്- 37 ശതമാനം. എങ്കിലും കാനഡയിലെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ ഈയിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കം കാരണം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച പഠന അനുമതികളില്‍ കുറവുണ്ടായതായി സൂചിപ്പിച്ചു.
2023-ല്‍, സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനായി 500,000 സ്ഥിര താമസക്കാരെയും 900,000 അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികളെയും പ്രവേശിപ്പിക്കാന്‍ കാനഡ ലക്ഷ്യമിടുന്നു. രാജ്യം 345,000 ഭവന യൂണിറ്റുകളുടെ കുറവാണ് അഭിമുഖീകരിച്ചത്.