തലശ്ശേരി (കണ്ണൂർ) : ഇ.പി.ജയരാജൻ വധശ്രമക്കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ കെ.സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തലശ്ശേരി അഡീഷനൽ സബ് കോടതി തള്ളി. ആന്ധ്ര ഹൈക്കോടതിയുടെ ജാമ്യം നിലവിലിരിക്കെ കേരള പൊലീസ് തന്നെ അറസ്റ്റ് ചെയ്തത് മാനഹാനിയുണ്ടാക്കിയെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പറഞ്ഞാണ് സുധാകരൻ കോടതിയെ സമീപിച്ചത്. ഈ തുകയ്ക്ക് ആനുപാതികമായ 3.43 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാത്തതിനാലാണു കേസ് തള്ളിയത്.
വധശ്രമക്കേസിൽ 1997 ഒക്ടോബർ 22ന് ആണ് സുധാകരനെ അറസ്റ്റ് ചെയ്തത്. പിറ്റേ വർഷം, സർക്കാരിനും പൊലീസിനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 3.43 ലക്ഷം രൂപ കെട്ടിവയ്ക്കാനാകില്ലെന്നു കാട്ടി പാപ്പർ ഹർജിയും നൽകി. കോടതി ഇത് അംഗീകരിച്ചു. എന്നാൽ, എംപിയെന്ന നിലയിൽ സുധാകരനു ശമ്പളം ലഭിക്കുന്നുണ്ടെന്നും മറ്റ് ആസ്തികളുണ്ടെന്നും ചൂണ്ടിക്കാട്ടി സർക്കാർ കഴിഞ്ഞവർഷം കോടതിയിലെത്തി. സുധാകരൻ പാപ്പരല്ലെന്ന് ഡിസംബർ 7ന് പ്രഖ്യാപിച്ച കോടതി, തുക അടയ്ക്കാൻ ഇന്നലെ വരെ സമയം അനുവദിച്ചിരുന്നു.