വാഷിങ്ടൻ : യുഎസിൽ ഇന്ത്യക്കാരുള്‍പ്പെടെ എച്ച്–1 ബി വീസയിൽ ജോലിചെയ്യുന്നവർക്ക് രാജ്യം വിടാതെ തന്നെ വീസ പുതുക്കാൻ അപേക്ഷിക്കാം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റ് മുഖാന്തരം അപേക്ഷ സ്വീകരിക്കും. വീസ പുതുക്കലിനായി യുഎസിനു പുറത്ത് സ്വന്തം രാജ്യങ്ങളിലേക്ക് പോകേണ്ടതില്ലെന്നതാണ് നേട്ടം. കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചപ്പോൾ സംയുക്ത പ്രസ്താവനയിൽ പ്രഖ്യാപിച്ച പദ്ധതി, ഇന്ത്യക്കാരുൾപ്പെടെ നിരവധി ഐടി പ്രഫഷനലുകൾക്ക് പ്രയോജനമാകും.
ഇരുപതിനായിരത്തോളം പേരുടെ തൊഴിൽ വീസകളായിരിക്കും തുടക്കത്തിൽ പുതുക്കുക. അടുത്ത അഞ്ച് ആഴ്ചത്തേക്ക് അപേക്ഷ സമർപ്പിക്കാം. വീസയുമായി ബന്ധപ്പെട്ട ചെലവുകളും കാലതാമസവും കുറയ്ക്കാനും അനുബന്ധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമായാണു പുതിയ നടപടി. യുഎസിലേക്കുള്ള യാത്രയ്ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ച നടപടികളിൽ ഒന്നാണ് വീസ പുതുക്കൽ പൈലറ്റ് പ്രോഗ്രാം. പദ്ധതി വിജയകരമായാൽ മറ്റ് വിഭാഗങ്ങളിലുള്ള വീസ കൈവശമുള്ളവർക്കും ഇതേ സംവിധാനമുപയോഗിച്ച് പുതുക്കാനുള്ള അവസരമൊരുങ്ങും.
വീസ കാലാവധി കഴിഞ്ഞാൽ പുതുക്കിക്കിട്ടുന്നതുവരെ രാജ്യം വിടണമെന്നാണ് ഇതുവരെയുള്ള നിയമം. യുഎസിലുള്ള 10 ലക്ഷത്തോളം എച്ച്–1ബി വീസക്കാരിൽ നല്ലൊരു ശതമാനവും ഇന്ത്യക്കാരാണ്. തൊഴിൽ വീസയ്ക്കു മാത്രമാണു സൗകര്യം. നിലവിലുള്ളവരുടെ വീസ പുതുക്കൽ നടപടി ലഘൂകരിക്കുന്നതിലൂടെ പുതിയ അപേക്ഷകർക്കു കാലതാമസമില്ലാതെ വീസ നൽകാനും കഴിയും. നേരത്തേ, യുഎസിന് ഏറ്റവും മികച്ച വിദഗ്ധ ജോലിക്കാരെ സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വ്യക്തമാക്കിയിരുന്നു.