ന്യൂഡൽഹി : രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം തിങ്കളാഴ്ച. സഭയിൽ മോദി പ്രസംഗിക്കുന്ന ദിവസം എല്ലാ അംഗങ്ങളും ഹാജരാകണമെന്ന് ബിജെപി നിർദേശം നൽകി. ലോക്സഭാ എംപിമാർക്ക് പാർട്ടി വിപ്പും നൽകിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കേന്ദ്രസർക്കാരിന്റെ 10 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗമാകും പ്രധാനമന്ത്രി നടത്തുകയെന്നാണ് കരുതുന്നത്. ‘ഇന്ത്യ’ മുന്നണിയിൽ ഭിന്നത രൂക്ഷമായിരിക്കെ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും സാധ്യതയുണ്ട്.
ബുധനാഴ്ചയാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തത്. വ്യാഴാഴ്ച ഇടക്കാല ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. തുടർന്ന് ലോക്‌സഭയിലും രാജ്യസഭയിലും നന്ദിപ്രമേയ ചർച്ച നടന്നു. നന്ദിപ്രമേയ ചർച്ചയിൽ പല എംപിമാരും വിട്ടുനിന്നതിനെ തുടർന്നാണ് പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തുന്ന ദിവസം സഭയിൽ ഹാജരാകാൻ ബിജെപി വിപ്പ് നൽകിയത്.