ടൊറന്റോ: ഇന്ത്യയില്‍ നിന്ന് കാനഡയിലേക്കുള്ള കുടിയേറ്റം അടുത്തിടെ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും നിരവധി പേര്‍ നാട്ടിലേക്കോ മറുനാടുകളിലേക്കോ മാറാന്‍ തീരുമാനിക്കുന്നതായി സൂചന.
സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ പുതിയ പഠനം അനുസരിച്ച് 1982നും 2017നും ഇടയില്‍ കാനഡയിലെത്തിയ കുടിയേറ്റക്കാരില്‍ 17.5 ശതമാനവും 20 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്ന് മറ്റിടങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്.
കാനഡയിലെത്തുന്നവരില്‍ മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെയുള്ള കാലയളവില്‍ തിരികെ പോകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു. തൊഴിലും താമസ കേന്ദ്രവും തേടി കണ്ടെത്തി കാനഡയിലെ ജീവിതവുമായി പൊരുത്തപ്പെടുന്ന കുടിയേറ്റക്കാര്‍ കാനഡയുമായി ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്ന സമയത്തെ ഈ കാലഘട്ടം പ്രതിഫലിപ്പിക്കുന്നുണ്ടാകാം. ചില കുടിയേറ്റക്കാര്‍ ചേര്‍ന്നു നില്‍ക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടുകയോ അല്ലെങ്കില്‍ തുടക്കം മുതല്‍ മറ്റെവിടേക്കെങ്കിലും പോകാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നുണ്ടാകാമെന്നും സ്റ്റാറ്റ്സ്‌കാന്‍ റിപ്പോര്‍ട്ട് പറയുന്നു.
ചില രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ വീണ്ടും കുടിയേറാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. തായ്വാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഫ്രാന്‍സ്, ഹോങ്കോംഗ്, ലെബനന്‍ എന്നിവിടങ്ങളില്‍ ജനിച്ച 25 ശതമാനം കുടിയേറ്റക്കാരും 20 വര്‍ഷത്തിനുള്ളില്‍ മറ്റൊരു കുടിയേറ്റം നടത്തുന്നുണ്ട്. മറുവശത്ത് ഇന്ത്യയില്‍ നിന്നുള്ളവരുടെ തുടര്‍ കുടിയേറ്റം കുറവാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2017 വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ പുതിയ കാലത്ത് ചെറിയ മാറ്റങ്ങള്‍ ഇന്ത്യക്കാരിലുമുണ്ട്. ഇന്ത്യയില്‍ നിന്ന് കാനഡയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് ഈയിടെ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും നിരവധി ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാനോ മറ്റ് രാജ്യങ്ങളിലേക്ക് മാറാനോ തീരുമാനമെടുക്കുന്നുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൊറന്റോ ആസ്ഥാനമായുള്ള ഒരു സൗത്ത് ഏഷ്യന്‍ റേഡിയോ സ്റ്റേഷനായി ഒരു ഫോണ്‍-ഇന്‍ ഷോ അവതരിപ്പിച്ചപ്പോള്‍ വര്‍ധിച്ചുവരുന്ന ചെലവ് താങ്ങാനാകാത്തതിനാല്‍ കാനഡ വിടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യം ശ്രോതാക്കളോട് ഉന്നയിച്ചിരുന്നു. അതെ എന്ന ഉത്തരമാണ് ഭൂരിഭാഗവും നല്‍കിയത്. അതെ എന്ന് പറഞ്ഞവര്‍ ചെറുപ്പക്കാരും സാങ്കേതികവിദ്യയും ധനകാര്യവും പോലുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള മേഖലകളില്‍ നിന്നുള്ളവരുമായിരുന്നു.
കുറഞ്ഞ അവസരങ്ങള്‍, കുറഞ്ഞ വേതനം, ഉയര്‍ന്ന നികുതികള്‍, ഉയര്‍ന്ന ഭവന ചെലവുകള്‍ എന്നിവ ‘നാട് വിടാനുള്ള’ നീക്കമായി പരിഗണിക്കുന്നതിനുള്ള കാരണങ്ങളായി അവര്‍ ചൂണ്ടിക്കാട്ടി. പലരും തങ്ങളുടെ കനേഡിയന്‍ പൗരത്വം വരുന്നതിനായി കാത്തിരിക്കുകയായിരുന്നു. കാനഡ പൗരത്വം ലഭ്യമായാല്‍ യു എസിലേക്ക് പോകാനും അവിടെ ജോലി ചെയ്യാനും കഴിയും. കാനഡയിലുള്ളവര്‍ ലോജിസ്റ്റിക്സ്, ട്രേഡുകള്‍, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്തുടങ്ങി രാജ്യത്ത് ആവശ്യക്കാരുള്ള മേഖലകളില്‍ പതിവായി പ്രവര്‍ത്തിച്ചു. മാത്രമല്ല മിക്കവര്‍ക്കും ഇവിടെ വീടുണ്ടായിരുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിറ്റിസണ്‍ഷിപ്പും കാനഡയിലെ കോണ്‍ഫറന്‍സ് ബോര്‍ഡും കഴിഞ്ഞ വര്‍ഷം നടത്തിയ മറ്റൊരു പഠനത്തില്‍ പുതുമുഖങ്ങള്‍ പലരും മറ്റെവിടെയെങ്കിലും മികച്ച അവസരങ്ങള്‍ തേടി കുടിയേറുകയാണെന്ന് കാണിക്കുന്നു.
2017നും 2019നും ഇടയില്‍ കാനഡ വിട്ട കുടിയേറ്റക്കാരുടെ എണ്ണം ശരാശരിയേക്കാള്‍ 31 ശതമാനം കൂടുതലാണെന്ന് ആ പഠനം വെളിപ്പെടുത്തി.
ജനസംഖ്യാ വര്‍ധനവിനും നികുതി അടിത്തറ വര്‍ധിപ്പിക്കുന്നതിനും കുടിയേറ്റത്തെ വളരെയധികം ആശ്രയിക്കുന്ന കാനഡയെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കയുടെ പ്രധാന കാരണമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സി ഇ ഒ ഡാനിയല്‍ ബെര്‍ണാര്‍ഡ് പറഞ്ഞു.
ചിന്താഗതി മാറ്റിയില്ലെങ്കില്‍ ഒരിക്കലും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്നും ഡാനിയല്‍ ബെര്‍മാഡ് പറഞ്ഞു. അദ്ദേഹം പറഞ്ഞതായി ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.