ഫ്രാൻസിലെ ഈഫല്‍ ടവര്‍ കാണാനെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇനി രൂപയില്‍ തന്നെ പേയ്‌മെന്റ് നടത്താം. എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ് ലിമിറ്റഡ് ഫ്രഞ്ച് ഇ-കൊമേഴ്‌സ്, പ്രോക്‌സിമിറ്റി പേയ്‌മെൻ്റ് കമ്പനിയായ ലൈറയുമായി സഹകരിച്ച് ഫ്രാൻസിലും ഇനി യുപിഐ സേവനം ലഭ്യമാകും. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രാൻസിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച പരിപാടിയിലാണ് പാരീസിൽ വച്ച് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഈഫൽ ടവർ സന്ദർശിക്കാനെത്തുന്ന അന്താരാഷ്ട്ര സഞ്ചാരികളിൽ ഏറ്റവും വലിയ രണ്ടാമത്തെ വിഭാഗമാണ് ഇന്ത്യൻ വിനോദസഞ്ചാരികൾ. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇനി ഫ്രാൻസിൽ അവരുടെ യുപിഐ ആപ്പുകൾ ഉപയോഗിച്ച് മർച്ചൻ്റ് വെബ്‌സൈറ്റിലുള്ള ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് സുരക്ഷിതമായി ഓൺലൈൻ ഇടപാടുകൾ നടത്താം.
“ലോകമെമ്പാടുമുള്ള ധനകാര്യ സ്ഥാപനങ്ങളുമായി സജീവമായി സഹകരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പങ്കാളിത്തവും ഉപഭോക്താക്കൾക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ ക്രോസ്-ബോർഡർ പേയ്‌മെൻ്റാണ് നാം വാഗ്ദാനം ചെയ്യാൻ ആഗ്രഹിക്കുന്നത്. ലൈറയുമായുള്ള ഈ പങ്കാളിത്തത്തിലൂടെ ഈ ലക്ഷ്യത്തിലേക്ക് ഞങ്ങൾ ഒരു പടി കൂടി കടന്നു” എൻഐപിഎൽ സിഇഒ റിതേഷ് ശുക്ല പറഞ്ഞു“ഇത് അഭിമാനകരമാണ്. യൂറോപ്പിൽ യുപിഐ ആരംഭിക്കാനുള്ള ഇന്ത്യൻ സർക്കാരിൻ്റെയും എൻഐപിഎല്ലിൻ്റെയും വിശ്വാസം നേടാനായതിൽ അഭിമാനമുണ്ടെന്ന്“ ലൈറ ഫ്രാൻസിൻ്റെ കൊമേഴ്‌സ്യൽ ഡയറക്ടർ ക്രിസ്റ്റോഫ് മാരിയറ്റ് പറഞ്ഞു.380 മില്യണിലധികം ഉപയോക്താക്കളുള്ള, ഒരു പേയ്‌മെൻ്റ് രീതിയാണ് യുപിഐ. 2024 ജനുവരിയിൽ മാത്രം യുപിഐയിൽ 12.2 ബില്യൺ ഇടപാടുകളാണ് നടന്നിട്ടുള്ളത്. ഈ ശ്രദ്ധേയമായ നേട്ടങ്ങൾ ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ ഇൻസ്റ്റന്റ് പേയ്‌മെൻ്റ് സംവിധാനമെന്ന നിലയിൽ യുപിഐയുടെ സ്ഥാനം ഉറപ്പിക്കുന്നു.
മുമ്പ് ഇന്ത്യ-സിംഗപ്പൂര്‍ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേയ്‌നൗവും ചേര്‍ന്ന് ഒരു സംയുക്ത കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇരു രാജ്യങ്ങളിലേയും ഉപയോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാതെ പണകൈമാറ്റം നടത്താന്‍ സഹായിക്കുന്ന സംവിധാനത്തിനായിരുന്നു ഇരു രാജ്യങ്ങളും തുടക്കം കുറിച്ചത്. അതിന് പിന്നാലെയാണ് ഫ്രാന്‍സിന്റെ നീക്കം. 2022ലാണ് യുപിഐ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഫ്രാന്‍സിന്റെ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ ലൈറയുമായി ധാരണ പത്രത്തില്‍ ഒപ്പിട്ടത്.അതേസമയം യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ യുപിഐ സംവിധാനത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ, എന്നിവിടങ്ങളിലേക്ക് കൂടി യുപിഐ സേവനം വ്യാപിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.