പിണറായി വിജയൻ സർക്കാരിന് ഭരിക്കാൻ അറിയാത്തതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകർന്നതെന്നും അതിന് ഡൽഹിയിൽ പോയി സമരം ചെയ്തതു കൊണ്ട് കാര്യമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാരിൻ്റെ കൂടുതൽ സഹായം ഇല്ലാതിരുന്നെങ്കിൽ കേരളം പട്ടിണിയായേനെയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ജന്തർമന്തറിൽ അഴിമതിക്കാരുടെ കൂട്ടായ്മയാണ് കണ്ടത്. നിലനിൽപ്പിന് വേണ്ടിയാണ് അവർ ഒന്നിച്ചു നിൽക്കുന്നത്. മസാല ബോണ്ട് പോലെയുള്ള തലതിരിഞ്ഞ സാമ്പത്തിക നയമാണ് സംസ്ഥാനത്തിൻ്റെ സമ്പദ്ഘടന പൂർണമായും തകർത്തത്. വലിയ തട്ടിപ്പാണ് മസാല ബോണ്ടിൻ്റെ മറവിൽ തോമസ് ഐസക്കും മുഖ്യമന്ത്രിയും നടത്തിയത്. തെറ്റ് ചെയ്തത് കൊണ്ടാണ് ഐസക്ക് ഇഡിയിൽ നിന്നും ഒളിച്ചോടുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് കേരളത്തെ തകർത്തിട്ട് ദില്ലിയിൽ പോയി നാടകം കളിച്ചിട്ട് കാര്യമില്ല.
കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുന ഖാർഗെ മുഖ്യമന്ത്രിയുടെ സമരത്തെ പിന്തുണച്ചതോടെ കേരളത്തിലെ കോൺഗ്രസിൻ്റെ ഇരട്ടത്താപ്പ് പൊളിഞ്ഞതായും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കോൺഗ്രസ് പ്രതിക്ഷ ധർമ്മം മറന്ന് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സ്വതന്ത്രമായപ്പോൾ 16 രാജ്യങ്ങളായി വിഭജിക്കണമെന്ന് പറഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാർ. അതേ നിലപാട് തന്നെയാണ് പിണറായി വിജയനുമുള്ളതെന്ന് അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ നിന്നും വ്യക്തമാണ്.ഇടക്കാല ബജറ്റിലും സംസ്ഥാനങ്ങളെ ഞെരിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ലക്ഷം കോടി അധികം അനുവദിച്ചതാണോ ഈ ഞെരുക്കമെന്ന് അദ്ദേഹം വ്യക്തമാക്കണം.
ബ്രാൻഡിംഗാണ് കേന്ദ്രം നടത്തുന്നതെന്നതാണ് മറ്റൊരു ആരോപണം. ഇത് ഉത്തരവാദിത്വപ്പെട്ട സർക്കാരിന് അംഗീകരിക്കാനാവില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കേന്ദ്രം ബ്രാൻഡിംഗ് നടത്തിയാൽ കൃത്യമായ കണക്ക് സംസ്ഥാനത്തിന് കൊടുക്കേണ്ടി വരുമെന്നും, മോദിയുടെ അരി പിണറായിയുടെ പടം വെച്ച് കൊടുക്കാനാവില്ലെന്നും അറിയാവുന്നത് കൊണ്ടാണ് ഇത്തരം ബാലിശമായ വാദങ്ങൾ പറയുന്നത്.എല്ലാ സംസ്ഥാനങ്ങൾക്കും തുല്ല്യമായ ആനുകൂല്യം നൽകണമെന്നാണ് പിണറായി വിജയൻ്റെ വേറൊരു കണ്ടുപിടുത്തം.
24 കോടി ജനങ്ങളുള്ള യുപിക്കും മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിനും ഒരേ നികുതി വിഹിതം കൊടുക്കുന്നത് എന്ത് ന്യായമാണെന്ന് അദ്ദേഹം പറയണം. ധനകാര്യ കമ്മീഷനാണ് സംസ്ഥാനങ്ങളുടെ വിഹിതം തീരുമാനിക്കുന്നതെന്ന വസ്തുത പിണറായി മറച്ചുവെക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.