സൂറിച്ച് : യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫുട്ബോൾ ലോകകപ്പിന്റെ വേദികൾ പ്രഖ്യാപിച്ചു. ജൂൺ 11ന് മെക്സിക്കോയിലെ അസ്ടെക്ക സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഫൈനൽ ജൂലൈ 19ന് ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കും. 39 ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ 48 ടീമുകള്‍ കളിക്കും.
മുൻപ് 1970ലും 1986ലും മെക്സിക്കോ ലോകകപ്പിന് വേദിയായിട്ടുണ്ട്. 1994ൽ യുഎസിലും ലോകകപ്പ് നടന്നിട്ടുണ്ട്. എന്നാൽ കാനഡയിൽ ആദ്യമായാണ് ലോകകപ്പ് ഫുട്ബോൾ നടക്കുന്നത്. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആയതിനുശേഷം നടക്കുന്ന ആദ്യ ലോകകപ്പിന് മൂന്നു രാജ്യങ്ങളിലെ 16 നഗരങ്ങളാണ് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിനു വേദിയാവുന്ന അസ്ടെക്ക 87,500 പേരെ ഉൾക്കൊള്ളും. ക്വാർട്ടർ ഫൈനൽ മുതലുള്ള മത്സരങ്ങളെല്ലാം യുഎസിലാണ് നടക്കുക.
ഫൈനൽ നടക്കുന്ന മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ 82,500 പേർക്ക് ഇരിക്കാനാവും. അമേരിക്കൻ നാഷനൽ ഫുട്ബോൾ ലീഗിൽ ന്യൂയോർക്ക് ജയന്റ്സ്, ന്യൂയോർക്ക് ജെറ്റ്സ് എന്നിവയുടെ ഹോം ഗ്രൗണ്ടാണിത്. 2016ലെ കോപ അമേരിക്ക ഫൈനലിനും വേദിയായത് മെറ്റ്‌ലൈഫ് സ്റ്റേഡിയമാണ്. ടീമുകളുടെ എണ്ണം കൂടിയതോടെ ടൂർണമെന്റിൽ കഴിഞ്ഞ തവണത്തേക്കാൾ 24 മത്സരങ്ങൾ അധികമുണ്ടാകും.