പാകിസ്താന്‍ പൊതു തെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ട് നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗും ഇമ്രാന്‍ ഖാന്റെ പിടിഐയും. വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പേ നവാസ് ഷെരീഫ് ആഹ്‌ളാദ പ്രകടനം തുടങ്ങി. എന്നാല്‍ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ പിടിഐ ആണ് കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചിട്ടുള്ളത്.
ഇന്നലെ ആരംഭിച്ച വോട്ടെണ്ണല്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. 217 മണ്ഡലങ്ങളിലെ വോട്ടെണ്ണിയപ്പോള്‍ 88 ഇടത്ത് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പിടിഐയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. നവാസ് ഷെരീഫിന്റെ പിഎംഎല്‍ 61 സീറ്റും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 34 സീറ്റും നേടിയിട്ടുണ്ട്. പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ 265 സീറ്റുകളിലേക്കാണ് നേരിട്ടുള്ള തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 134 സീറ്റാണ്. നവാസ് ഷരീഫ് പരാജയം സമ്മതിക്കണമെന്ന് പിടിഐ ആവശ്യപ്പെട്ടു. അതേസമയം, പിഎംഎല്‍ ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് പ്രഖ്യാപിച്ച നവാസ് ഷരീഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സൂചനയും നല്‍കി. ലാഹോറിലാണ് അനുയായികളെ അഭിസംബോധന ചെയ്തത്.
ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം നിഷേധിച്ചതിനാല്‍ പാര്‍ട്ടി അനുയായികള്‍ സ്വതന്ത്രരായാണ് മത്സരിച്ചത്. സൈന്യം ഇടപെട്ടെന്ന് ആരോപിക്കുന്ന തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേര്‌റമാണ് പിടിഐ നടത്തിയത്. ആര്‍ക്കും കേവല ഭീരിപക്ഷം ലഭിച്ചില്ലെങ്കില്‍ പിഎംഎല്‍എന്‍ – പിപിപി സഖ്യസര്‍ക്കാരിന് ആണ് സാധ്യത.