മാനന്തവാടി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍കൂടി പൊലിഞ്ഞതോടെ വനംവകുപ്പിനെതിരെ ജില്ലയിൽ പ്രതിഷേധം കനക്കുകയാണ്. റേഡിയോ കോളര്‍ ഘടിപ്പിച്ച രണ്ടാമത്തെ കാട്ടാന എത്തി വയനാട്ടില്‍ ഒരാള്‍ കൊല്ലപ്പെടുന്നത് വരെ ആന ഇറങ്ങിയ വിവരം അറിഞ്ഞില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആദ്യം കര്‍ണാടകയുടെയും ഇപ്പോള്‍ കേരള വനം വകുപ്പിന്റെയും നിരീക്ഷണത്തിലുള്ള ആന പുലര്‍ച്ചെ നാലുമണിയോടെ തന്നെ ജനവാസ മേഖലകളിലേക്ക് കടന്നുവെന്ന വിവരം വനവകുപ്പിന് ഉണ്ടായിരുന്നു.
എന്നാല്‍ ഇതിനെ കൃത്യമായി ട്രാക്ക് ചെയ്യാന്‍ കഴിയാതിരുന്നതാണ് വലിയ ദുരന്തത്തില്‍ കലാശിച്ചത്. ട്രാക്ടര്‍ ഡ്രൈവര്‍ ആയ പടമല പനച്ചിയില്‍ അജീഷ് (45) എന്നയാളാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഒരാളുടെ ജീവന്‍ പോയതിന് ശേഷം 144 പ്രഖ്യാപിച്ചിട്ട് എന്ത് ഫലമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. അതേസമയം വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായിടത്തെല്ലാം വനത്തില്‍ നിന്ന് മൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങാതിരിക്കാന്‍ സ്ഥാപിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ തകര്‍ന്നു കിടക്കുകയോ പദ്ധതി പൂര്‍ത്തിയാക്കാതിരിക്കുകയോ ആണെന്ന കാര്യവും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയുടെ സാന്നിധ്യം വയനാട്-കര്‍ണാടക അതിര്‍ത്തി വനങ്ങളില്‍ ഉണ്ടെന്ന കാര്യം ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആനയുടെ സ്ഥിരമായ സാന്നിധ്യം കേരള വനത്തിലുണ്ടെന്ന കാര്യം പുറത്തുവരുന്നത്. അതിനിടെ ആവശ്യത്തിന് ഡ്രോണുകള്‍ പോലും ഇല്ലാതെയാണ് അപകടകാരിയായ ഒരു ആനയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് പുറപ്പെട്ടിരിക്കുന്നതന്നെ കാര്യവും ജനങ്ങള്‍ ചൂണ്ടിക്കാട്ടി.
നിരീക്ഷണത്തിനിടെ ഡ്രോണിന്റെ ബാറ്ററി തീര്‍ന്നതിനാല്‍ പ്രദേശത്തെ വീട്ടില്‍ നിന്ന് ചാര്‍ജ് ചെയ്താണ് ഉപയോഗിക്കുന്നത്. ഒരു ഡ്രോണ്‍ കൊണ്ടാണ് അപകടകാരിയായ ഒരു വന്യമൃഗത്തെ കണ്ടെത്താന്‍ വനംവകുപ്പ് നടക്കുന്നത് എന്നും പടമല പ്രദേശത്തെ ജനങ്ങള്‍ ചോദിക്കുന്നു