തിരുവനന്തപുരം: വിദേശ സര്‍വകലാശാലകൾക്ക് അനുമതി നൽകുന്നത് ഇടത് നയത്തിന് വിരുദ്ധമെന്ന നിലപാടിൽ സിപിഐ. വിദേശ സര്‍വ്വകലാശാലകളേയും സ്വകാര്യ സര്‍വകലാശാലകളേയും പ്രോത്സാഹിപ്പിക്കുമെന്നാണ് ബജറ്റ് നയം. നിര്‍ണ്ണായക നിലപാട് മാറ്റത്തിൽ വേണ്ടത്ര കൂടിയാലോചനകൾ ഉണ്ടായില്ലെന്ന വിമര്‍ശനമാണ് സിപിഐക്കുള്ളത്. ഇടതുമുന്നണി ചര്‍ച്ചചെയ്യാതെ മുന്നണി നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ എങ്ങനെ പ്രഖ്യാപനത്തിലേക്ക് പോകുമെന്ന വിമര്‍ശനം കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ ഉയര്‍ന്നു. സിപിഎം നേതൃത്വവുമായി ഇക്കാര്യത്തിൽ സിപിഐ നേതൃത്വം ആശയവിനിമയം നടത്തും.
സ്വകാര്യസർവ്വകലാശാലക്ക് അനുമതി നൽകാനുള്ള നയംമാറ്റത്തിന് സിപിഎം നേരത്തെ രാഷ്ട്രീയതീരുമാനമെടുത്തതാണ്. എന്നാൽ വിദേശ സർവ്വകലാശാലക്ക് അനുമതി നൽകുന്ന 2023 ലെ യുജിസി റഗുലേഷൻ വന്നപ്പോൾ മുതൽ സിപിഎം ഉയർത്തിയത് വലിയ എതിർപ്പാണ്. പാർട്ടി ഒരു നയം രൂപീകരിക്കുന്നതിന് മുമ്പാണ് ബജറ്റ് പ്രഖ്യാപനം. യുജിസി റഗുലേഷൻ വന്നതോടെ സംസ്ഥാനങ്ങളുടെ അനുമതി പോലും വേണ്ട, വിദേശ സർവ്വകലാശാലാ ക്യാമ്പസ് തുടങ്ങാൻ.പക്ഷെ ഇടത് മുന്നണി സർക്കാർ സ്റ്റാമ്പ് ഡ്യൂട്ടി യിലും വെള്ളത്തിനും വൈദ്യുതിക്കും വരെ ഇളവ് പ്രഖ്യാപിച്ചാണ് ക്ഷണിക്കുന്നതെന്നാണ് സവിശേഷത.